ബംഗളൂരു: മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വിഡിയോയുമായി ബി.ജെ.പി. പാർട്ടി കർണാടക യൂണിറ്റാണ് വിഡിയോ പുറത്ത് വിട്ടത്. ഇസ്ലാമോഫോബിയ നിറഞ്ഞ വിഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
അനിമേറ്റഡ് വിഡിയോയുടെ തുടക്കത്തിൽ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്. ഇതിൽ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്‍ലിം എന്നെഴുതിയ മുട്ട രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും ചേർന്ന് കൊണ്ടുവെക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികൾ പുറത്ത് വരുമ്പോൾ മുസ്‍ലിം എന്നെഴുതിയ മുട്ടയിൽ നിന്നെത്തിയ കിളിക്ക് മാത്രം രാഹുൽ ഗാന്ധി ഫണ്ടുകൾ നൽകുന്നതാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്.
എക്സിൽ നാല് മില്യൺ ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. പലരും വിഡിയോ തെരഞ്ഞെടുപ്പ് കമീഷന് ടാഗ് ചെയ്തിട്ടുണ്ട്. വിഡിയോയിൽ നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമീഷൻ സമീപനത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമീഷൻ ഇത്രത്തോളം ദുർബലമായ അവസ്ഥ രാജ്യത്തിന്റെ ചരിത്രത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ ഒരു തമാശയായി മാറി. ബി.ജെ.പിക്കും മോദിക്കും ഒരു നിയമവും ബാധകമല്ലാത്ത സ്ഥിതിയാണുള്ളത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ രാജ്യത്തിന് ഇനിയും അഭിമാനിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഡിയോയെ അപമാനകരമെന്നാണ് തമിഴ്നടൻ പ്രകാശ് രാജ് വിശേഷിപ്പിച്ചത്. കർണാടക ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.