ബംഗളൂരു: കർണാടക സഖ്യസർക്കാറിെല മന്ത്രിമാരുടെ അന്തിമപട്ടിക സത്യപ്രതിജ്ഞ ദിനമായ ബുധനാഴ്ച രാവിലെ മാത്രമേ പുറത്തുവിടൂ എന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര. ധനകാര്യവും ഊർജവകുപ്പും ജെ.ഡി.എസിന് വിട്ടുകൊടുത്ത ഹൈകമാൻഡ് തീരുമാനത്തിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് അതൃപ്തിയുണ്ടെന്ന വാർത്തയെയും അദ്ദേഹം നിഷേധിച്ചു. എന്തു ഉത്തരവാദിത്തം നൽകിയാലും നന്നായി കൈകാര്യം ചെയ്യുന്ന അച്ചടക്കമുള്ള പോരാളിയാണ് ഡി.കെ എന്നാണ് പരമേശ്വര പ്രതികരിച്ചത്. മന്ത്രി പദവികൾ സംബന്ധിച്ച് ഹൈകമാൻഡുമായി ചർച്ച നടത്താൻ നേതാക്കൾ ഡൽഹിയിലേക്ക് പോകുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും രാഹുൽ ഗാന്ധി വിളിച്ചശേഷം മാത്രമേ പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലുള്ള രാഹുൽ ഗാന്ധി തിങ്കളാഴ്ച ഡൽഹിയിലെത്തും. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക് പോകാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. ഉത്തര കർണാടകയിലെ കോൺഗ്രസ് വർക്കിങ് പ്രസിഡൻറു സ്ഥാനം എസ്.ആർ. പാട്ടീൽ രാജിവെച്ച സംഭവം ചർച്ചചെയ്തിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിക്കുമെന്നും പരമേശ്വര പറഞ്ഞു.
അതേസമയം, കോൺഗ്രസ് മന്ത്രിമാരെ തീരുമാനിക്കുന്നതിനു മുമ്പെതന്നെ പദവി ലക്ഷ്യമിട്ട് കർണാടകയിലെ ചില േകാൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തിയതായാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളായ ദിനേഷ് ഗുണ്ടു റാവു, കൃഷ്ണ ഗൗഡ തുടങ്ങിയ നേതാക്കൾ ഡൽഹിയിലെ കർണാടക ഹൗസിലെത്തി. രാഹുൽ ഗാന്ധിയെ കണ്ട് മന്ത്രിപദവിക്കായി സമ്മർദം ചെലുത്താനാണ് നീക്കം. രണ്ടു തവണ മന്ത്രിമാരായവരെ മാറ്റിനിർത്തി കോൺഗ്രസിൽനിന്നും പുതിയ നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന അഭിപ്രായം നേരത്തെ ഉയർന്നിരുന്നു.
ഇക്കാര്യത്തിൽ ഹൈകമാൻഡ് തീരുമാനമെടുക്കുമെന്നാണ് പരമേശ്വര പറഞ്ഞത്. ജെ.ഡി.എസിെൻറ ഇടയിലും മന്ത്രിസ്ഥാനത്തിനായുള്ള നീക്കങ്ങൾ ശക്തമാണ്. ഊർജ വകുപ്പ് ഉൾപെടെ രണ്ടു സുപ്രധാന വകുപ്പുകൾക്കായി നിലകൊള്ളുന്ന, എച്ച്.ഡി. ദേവഗൗഡയുടെ മകൻ എച്ച്.ഡി. രേവണ്ണയുടെ നിലപാടിൽ ജെ.ഡി.എസ് നേതാക്കളിലും അതൃപ്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.