ബംഗളൂരു: കോൺഗ്രസിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പച്ചക്കള്ളമാണ് മോദി പറയുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അജ്ഞതയെ മാത്രമല്ല തോൽവി ഭയത്താലുള്ള നിരാശയേയും സൂചിപ്പിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ചരിത്രത്തിൽ പ്രധാനമന്ത്രി പദത്തിലിരുന്ന ഒരു നേതാവും ഇത്രയും തരംതാണ രീതിയിൽ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസിനെ അപമാനിക്കുന്ന രീതിയിലാണ് മോദിയുടെ പ്രവർത്തനങ്ങളെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ആരോപണങ്ങൾക്ക് തെളിവ് നൽകാൻ മോദി തയാറാകണം. അല്ലെങ്കിൽ നിരുപാധികം മാപ്പ് പറയണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ഏതെങ്കിലും സർക്കാർ രേഖയുടെ അടിസ്ഥാനത്തിലാണോ ആരോപണം ഉന്നയിച്ചതെന്നും മോദി വ്യക്തമാക്കണം. സംവരണത്തിൽ ഭേദഗതി വരുത്തണമെങ്കിൽ സാമൂഹിക, സാമ്പത്തിക സർവേ നടത്തിയതിന് ശേഷമേ അത് സാധ്യമാവു. ഇതിനൊപ്പം പാർലമെന്റിന്റെ ഇരുസഭകളുടേയും അംഗീകാരം കൂടി വേണം. ഭരണത്തിന്റെ അടിസ്ഥാന കാര്യങ്ങളെ കുറിച്ചുള്ള മോദിയുടെ അറിവില്ലായ്മയേയും സിദ്ധരാമയ്യ വിമർശിച്ചു.
മുസ്‍ലിംകളെ പിന്നാക്ക വിഭാഗത്തിലെ 2B കാറ്റഗറിയിൽ കർണാടകയിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ഈ സംവരണം മൂന്ന് പതിറ്റാണ്ടായി നിലവിലുണ്ടെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. പിന്നോക്ക കമീഷന്റെ തീരുമാനപ്രകാരമാണ് ഇത് നടപ്പിലാക്കിയത്. മുമ്പ് സംസ്ഥാനം ഭരിച്ച ബി.ജെ.പി സർക്കാറുകളോ കേന്ദ്രസർക്കാറോ ഇതിനെ ചോദ്യം ചെയ്തിട്ടില്ല. കോടതിയിലും ഇതിനെതിരെ ഹരജി വന്നിട്ടില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.