കാർ വാങ്ങാനെത്തിയപ്പോൾ അപമാനിച്ചു; 10 ലക്ഷം രൂപ അപ്പോൾ തന്നെ നൽകി കർഷ​കന്‍റെ മധുരപ്രതികാരം

കർഷകരായാൽ ട്രാക്​ടർ ഓടിച്ചാൽ മതി എന്നാണ്​ ചിലരുടെ വിചാരം. അങ്ങനെ വിചാരിച്ചവർക്ക്​ കണക്കിന്​ പണി കൊടുത്തിരിക്കുകയാണ്​ കർണാടകയിൽ ഒരു കർഷകൻ. മുഷിഞ്ഞ വേഷം നോക്കി സമ്പത്തി​ന്‍റെ അളവെടുത്ത കാർ ഷോറൂമുകാരോടാണ്​ പൂ കർഷക​ന്‍റെ മധുര പ്രതികാരം. ശരിക്കും വേഷം നോക്കി കർഷകനെ വിലയിരുത്തിയതി​ന്‍റെ പേരിൽ പുലിവാല്​ പിടിച്ചിരിക്കുകയാണ്​ കർണാടകയിലെ തുമകൂരിലെ കാർ ഷോറൂമുടകൾ. ചിക്കസാന്ദ്ര ഹോബ്ളിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ച എസ്.യു.വി ബുക്ക് ചെയ്യാനായി കാർ ഷോറൂമിലെത്തി.

കെമ്പഗൗഡയുടെ സ്വപ്‌നവാഹനമായിരുന്നു എസ്.യു.വി. കാർ വാങ്ങുന്നതിനുള്ള കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ അവിടെയുണ്ടായിരുന്ന ഒരു എക്‌സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. 'പോക്കറ്റിൽ 10 രൂപപോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്'. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോൾ തമാശക്ക് കാർ നോക്കാൻ വന്നതാവും ഇവരെന്നാണ് അയാൾ കരുതിയത്. എന്നാൽ അയാളുടെ വാക്കുകൾ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവർ ഷോറൂമിൽ നിന്ന് ഇറങ്ങിപ്പോന്നു. ഇറങ്ങുന്നതിന് മുമ്പ് ഒരു കാര്യം കൂടി അവർ ചോദിച്ചു. പണം കൊണ്ടുതന്നാൽ ഇന്ന് തന്നെ ഞങ്ങൾക്ക് കാർ ഡെലിവറി ചെയ്യണം.

ബാങ്കുകളെല്ലാം ആ സമയത്ത് അടച്ചിരുന്നതിനാൽ ഇത്രയും പണം ഒരുമിച്ചെടുത്ത് വരാൻ സാധ്യതയില്ലെന്ന് അവർ കരുതിയെന്ന് കെമ്പഗൗഡ പറഞ്ഞു. പക്ഷേ പറഞ്ഞ സമയത്തിനുള്ളിൽ പത്ത് ലക്ഷം രൂപയുമായി എത്തിയപ്പോൾ ഷോറുമുകാർ ശരിക്കും ഞെട്ടി. ശനിയും ഞായറും അവധിയായതിനാൽ കാർ ഡെലിവറി ചെയ്യാൻ സാധിക്കാതെ ഷോറൂമുകാർ കുടുങ്ങി. എന്നാൽ ഇതോടെ കെമ്പഗൗഡയും സുഹൃത്തുക്കളും പ്രശ്‌നമുണ്ടാക്കി. അവർ ഷോറൂമിൽ കുത്തിയിരിപ്പ് സമരം നടത്തി. കാർ കിട്ടാതെ താൻ ഇവിടെ നിന്ന് പോകില്ലെന്നും പറഞ്ഞു.കാർ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാട്ടി പൊലീസിന് പരാതി നൽകുകയും ചെയ്തു. തിലക് പാർക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചത്. ശനിയാഴ്ചയാണ്

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായത്. മുല്ലയും കനകാംബരവുമടക്കമുള്ള പൂക്കൃഷി നടത്തുന്ന ആളാണ് കെമ്പഗൗഡ. 'എന്നെയും എന്റെ സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാമൂലം ക്ഷമ ചോദിക്കാൻ സെയിൽസ് എക്‌സിക്യൂട്ടീവിനോടും ഷോറൂം അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാർ വാങ്ങാനുള്ള താൽപര്യം നഷ്ടപ്പെട്ടതായി കെമ്പഗൗഡ പറഞ്ഞു. തിങ്കളാഴ്ച ഷോറൂമിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 

Tags:    
News Summary - Karnataka Farmer's Sweet Revenge After Car Showroom Turned Him Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.