ശിരോവസ്ത്ര നിരോധനം: കർണാടകയിൽ കോളജുകൾ തുറക്കുന്നു; ഒമ്പതു ജില്ലകളിൽ നിരോധനാജ്ഞ

ബംഗളൂരു: ശിരോവസ്ത്ര നിരോധനം വിവാദമായതോടെ അടച്ചിട്ട കർണാടകയിലെ ഡിഗ്രി, പി.യു കോളജുകൾ തിങ്കളാഴ്ച തുറക്കാനിരിക്കെ, ഒമ്പതു ജില്ലകളിൽ നിരോധനാജ്ഞ. ഉഡുപ്പി, ബംഗളൂരു, ബാഗൽകോട്ട്, ചിക്കബല്ലാപുർ, ഗദഗ്, ഷിവമൊഗ്ഗ, മൈസൂരു, ദക്ഷിണ കന്നട, തുമകൂരു ജില്ലകളിലാണ് നിരോധനാജ്ഞ. ശിരോവസ്ത്ര നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് സംസ്ഥാനത്തെ പ്രീ യൂനിവേഴ്സിറ്റി, ഡിഗ്രി കോളജുകൾ അടച്ചിട്ടത്.

പ്രതിഷേധ പരിപാടികളും റാലികളും നിരോധിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സ്കൂളിനു സമീപത്തും പ്രധാന ടൗണുകളിലും പൊലീസുകാരെ വിന്യസിച്ചു. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജില്‍ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് കർണാടകയില്‍ പ്രതിഷേധം തുടങ്ങിയത്. പിന്നാലെ കൂടുതല്‍ കോളജുകള്‍ ഹിജാബിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ വിഷയം കോടതിയുടെ പരിഗണനയിലെത്തി.

ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

Tags:    
News Summary - Karnataka hijab row: Section 144 imposed in 9 districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.