ന്യൂഡൽഹി: കോറോണ വൈറസിന്‍റെ പുതിയ വകഭേദം യു.കെയിൽ കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയിലും നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. രാത്രി കർഫ്യു, നിർബന്ധിത കോവിഡ് പരിശോധന തുടങ്ങിയ നിയന്ത്രണങ്ങളാണ് ആദ്യഘട്ടത്തിൽ ഏർപ്പെടുത്തുന്നത്. കർണാടകയിൽ ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ രാത്രി കർഫ്യു ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു.
മുൻസിപ്പൽ പരിധിയിൽ മാത്രം ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യു മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മഹാരാഷ്ട്രയും അറിയിച്ചു. ആവശ്യമെങ്കിൽ കർഫ്യു ഏർപ്പെടുത്താൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ അനുമതി നൽകി. നവംബർ രണ്ട് മുതൽ ഡിസംബർ എട്ട് വരെ യു.കെയിൽ നിന്നെത്തിയവരെ കർശനമായി നിരീക്ഷിക്കാൻ യു.പി സർക്കാർ ആരോഗ്യവകുപ്പിന് നിർദേശം നൽകി. ഡിസംബർ എട്ട് മുതൽ എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമായിരിക്കും.
ഡൽഹി വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്കുള്ള വിപുലമായ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നാല് മുതൽ ആറ് മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനഫലം ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പോർട്ട്ബ്ലെയർ വിമാനത്താവളം എത്തുന്ന എല്ലാവർക്കും ആൻഡമാൻ നിക്കോബോർ കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച യു.കെയിൽ നിന്നെത്തിയ 20 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ആശങ്ക വിതക്കുേമ്പാഴും തമിഴ്നാട് ജെല്ലികെട്ടിന് അനുമതി നൽകിയിട്ടുണ്ട്. 300 പേരെ സംഘടിപ്പിച്ച് ആഘോഷം നടത്താനാണ് അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.