കർണാടകം കേരളത്തിന് മാതൃകയെന്ന് രാഹുൽ; 20 സീറ്റിലും ജയിക്കാവുന്ന സാഹചര്യമെന്ന് നേതാക്കൾ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് മാസങ്ങൾക്കകം നടക്കാനിരിക്കേ, പാർട്ടി പൂർണ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി. കർണാടകത്തിലെ പ്രവർത്തനം കേരളം മാതൃകയാക്കണം. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിലായിരുന്നു രാഹുലിന്‍റെ നിർദേശം.

പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ പരസ്യ പ്രസ്താവന പാടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളിൽ ചർച്ചചെയ്തു പരിഹരിക്കണമെന്നും നേതൃത്വം നിർദേശിച്ചു. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേരളത്തിൽതന്നെ ചർച്ചചെയ്ത് പരിഹരിക്കണം. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വേഗത്തിൽ തുടങ്ങണം. 20 സീറ്റിലും ജയിക്കാവുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന വിശദീകരണമാണ് യോഗ ശേഷം മുതിർന്ന നേതാക്കൾ നൽകിയത്. കേരളത്തിലെ സംഘടന പ്രവർത്തനത്തിൽ നേതൃത്വം തൃപ്തി പ്രകടിപ്പിച്ചുവെന്നും അവർ വിശദീകരിച്ചു. ഐക്യത്തോടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

ലോക്സഭ തെരഞ്ഞെടുപ്പ് ഏകോപനത്തിനും ഒരുക്കങ്ങൾക്കുമായി വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കളും എം.പിമാരുമായി കോൺഗ്രസ് നേതൃത്വം തുടർച്ചയായ ചർച്ചകൾ നടത്തിവരുകയാണ്. അതിന്‍റെ ഭാഗമായാണ് വ്യാഴാഴ്ച പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ കേരള നേതാക്കളുടെ യോഗം നടന്നത്.

സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം. ഹസൻ, ടി. സിദ്ദീഖ് തുടങ്ങിയവരും കെ. മുരളീധരൻ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, ടി.എൻ. പ്രതാപൻ തുടങ്ങി കേരളത്തിൽനിന്നുള്ള എം.പിമാരും യോഗത്തിൽ പങ്കെടുത്തു. ചികിത്സയിലായ രമേശ് ചെന്നിത്തല വിഡിയോ കോൺഫറൻസിലൂടെ സംബന്ധിച്ചു.

Tags:    
News Summary - Karnataka is a model for Kerala -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.