ബംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിന് അംഗീകാരം. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിലാവും. ഓർഡിനൻസ് ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ നിയമനിർമാണ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സർക്കാർ നീക്കം. അതേസമയം, മതപരിവർത്തന നിരോധന നിയമം സാമൂഹിക വിഭജനത്തിനും സ്പർധക്കും വഴിവെക്കുമെന്നും ഓർഡിനൻസിൽ ഒപ്പിടരുതെന്നും ഗവർണറോട് ആവശ്യപ്പെടുമെന്ന് കർണാടക മേഖല കാത്തലിക് ബിഷപ്സ് കൗൺസിൽ അധ്യക്ഷൻ റവ. പീറ്റർ മച്ചാഡോ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സർക്കാർ ഓർഡിനൻസുമായി മുന്നോട്ടുപോയത്.
പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് കഴിഞ്ഞ ഡിസംബർ 23ന് മതപരിവർത്തന നിരോധന ബിൽ (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ-2021) കർണാടക നിയമസഭയിൽ പാസാക്കിയെങ്കിലും ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കുറവായതിനാൽ ബിൽ അവതരിപ്പിച്ചിരുന്നില്ല. തുടർന്ന് ജെ.ഡി-എസിന്റെ പിന്തുണയോടെ ഉപരിസഭയിൽ കോൺഗ്രസിന്റെ ചെയർമാനെ ബി.ജെ.പി പുറത്താക്കി മേൽക്കൈ നേടിയിരുന്നു.
75 അംഗങ്ങളുള്ള ഉപരിസഭയിൽ നിലവിൽ ഭൂരിപക്ഷമുള്ള ബി.ജെ.പി കേവല ഭൂരിപക്ഷത്തിന് ഒരുസീറ്റ് മാത്രം അകലെയാണ്. ഒഴിവുള്ള ഏഴ് സീറ്റുകളിലേക്ക് ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുസഭകളിലും ഭൂരിപക്ഷം ഉറപ്പാക്കിയാണ് ബി.ജെ.പി ഓർഡിനൻസുമായി രംഗത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.