വാരാന്ത്യ കർഫ്യൂ പിൻവലിച്ച് കർണാടക; രാത്രി കർഫ്യൂ തുടരും

ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ നടപ്പാക്കിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതായി കർണാടക സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും വ്യാപനവും വിലയിരുത്താൻ ആരോഗ്യരംഗത്തെ വിദഗ്ധർ, മുതിർന്ന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വാരാന്ത്യ കർഫ്യൂ പിൻവലിക്കാന്‍ തീരുമാനിച്ചത്. എന്നാൽ, സംസ്ഥാനത്ത് നിലവിലുള്ള രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയുള്ള രാത്രി കർഫ്യൂ തുടർന്നുമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാരാന്ത്യ കർഫ്യൂ പിൻവലിച്ചതെന്നും ആശുപത്രിയിലുള്ള രോഗികളുടെ നിരക്ക് അഞ്ച് ശതമാനത്തിൽനിന്ന് വർധിച്ചാൽ വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തുമെന്നും റവന്യൂ മന്ത്രി ആർ. അശോക അഭിപ്രായപ്പെട്ടു. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതൽ നടപടികളും ശരിയായി പാലിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതിഷേധങ്ങൾ, റാലികൾ, മേളകൾ, പരിപാടികൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ജനുവരി അവസാനം വരെ രാത്രി കർഫ്യൂവും വാരാന്ത്യ കർഫ്യൂവും നടപ്പാക്കാനാണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്.

Tags:    
News Summary - Karnataka lifts weekend curfew; The night curfew will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.