ഫലസ്തീൻ പതാക വീശി ബൈക്ക് യാത്ര; നാല് കുട്ടികളെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്

ബംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ ഫലസ്തീൻ പതാകവീശി ബൈക്കിൽ സഞ്ചരിച്ച പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇവരെ ചോദ്യംചെയ്തു. എവിടെ നിന്നാണ് ഫലസ്തീൻ പതാക ലഭിച്ചത്, ആരുടെയെങ്കിലും നിർദേശ പ്രകാരമാണോ സ്വയം തീരുമാനിച്ചാണോ ഫലസ്തീൻ പതാകയുമായി നഗരത്തിലൂടെ ബൈക്കിൽ സഞ്ചരിച്ചത്, തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്. ഞായറാഴ്ചയാണ് സംഭവം.

ചിക്കമഗളൂരുവിൽ നബിദിന റാലികൾ നടക്കുന്നതിനാൽ പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. ഇതിനിടയിലാണ് ഫലസ്തീൻ പതാകയുമേന്തി കുട്ടികൾ നഗരത്തിലൂടെ ബൈക്കിൽ സഞ്ചരിക്കുന്നതായ വിവരം പ്രചരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവർ ഇരുചക്ര വാഹനമോടിച്ചതും ഫലസ്തീൻ പതാക വീശിയതുമാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് ഗണേശ ചതുർത്ഥി ഘോഷയാത്രക്കിടെ അക്രമമുണ്ടായ പശ്ചാത്തലത്തിൽ പൊലീസ് സംസ്ഥാനത്തെങ്ങും കനത്ത ജാഗ്രതയിലാണ്.

അതേസമയം, കുട്ടികൾ ഫലസ്തീൻ പതാക വീശിയ സംഭവം ഗൗരവകരമാണെന്ന് ബി.ജെ.പി പറഞ്ഞു. സംഭവം എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് ആർ. അശോക ആവശ്യപ്പെട്ടു.

Tags:    
News Summary - Karnataka Police detains four minors for raising Palestinian flag while riding bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.