ബംഗളൂരു: കർണാടക തെരഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക കോൺഗ്രസ് പ്രസിദ്ധീകരിച്ചു. 11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിന് പുറമേ മുഖ്യമന്ത്രി സിദ്ധരാമയ്യ ബാഗൽകോട്ട് ജില്ലയിലെ ബദാമിയിലും മത്സരിക്കും.
മകൻ യുവാവിനെ മർദിച്ചതിനെ തുടർന്ന് വിവാദത്തിലായ എൻ.എ ഹാരിസ് ശാന്തിനഗറിൽ നിന്നും വോട്ട് തേടും. വിജയസാധ്യതയാണ് ഹാരിസിനെ മണ്ഡലത്തിൽ നിലനിർത്താൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ചാമുണ്ഡേശ്വരി മണ്ഡലത്തിൽ ബി.ജെ.പിയും ജെ.ഡി-എസും ഉയർത്തിയ പരാജയഭീഷണിയെ ചെറുക്കാനാണ് സിദ്ധരാമയ്യ രണ്ടാമതൊരു സീറ്റിൽ മത്സരിക്കുന്നത്. ഏറെ സമ്മർദങ്ങൾക്കൊടുവിലാണ് കോൺഗ്രസ് നേതൃത്വം ബാഗൽകോട്ട് ജില്ലയിലെ ബദാമി സിദ്ധരാമയ്യക്ക് രണ്ടാം സീറ്റായി നൽകിയതെന്നാണ് വിവരം.
സിദ്ധരാമയ്യ ബദാമിയിൽ നിന്നാൽ എതിർസ്ഥാനാർഥിയാവാൻ തയാറാണെന്ന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദിയൂരപ്പയും വെല്ലുവിളിച്ചിരുന്നു. സിദ്ധരാമയ്യ ബദാമിയിൽ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ അദ്ദേഹം വെള്ളിയാഴ്ച പത്രിക സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.