ബംഗളൂരു: ഷിരദി ചുരം വഴി ബംഗളൂരുവിനെയും മംഗളൂരു തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പാതയിലെ തുരങ്കം നിർമാണത്തിന് അനുമതി തേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. യു.പി.എ സർക്കാറിന്റെ കാലത്ത് രൂപപ്പെട്ട ആശയം നടപടികളിലേക്ക് കടക്കാതെ കിടക്കുകയാണ്. ഷിരദി ചുരം വഴി നിലവിലുള്ള പാത ബംഗളൂരുവിനും മംഗളൂരുവിനും ഇടയിലെ പ്രധാന ലിങ്കാണ്. അമിതഭാരം കയറ്റിയ ലോറികളും എണ്ണ ടാങ്കറുകളും പതിവായി കടന്നുപോകുന്നതിനാൽ റോഡ് നിരന്തരം തകരുന്നത് ഇതുവഴി ഗതാഗതം ദുഷ്കരമാക്കുന്നു. മഴക്കാലമായാൽ റോഡ് തകരുന്നത് ഒഴിവാക്കാൻ ഭാരവാഹനങ്ങൾക്ക് ചുരം പാതയിൽ നിയന്ത്രണമേർപ്പെടുത്തുകയാണ് പതിവ്. ഇത് ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുന്നു.
ദേശീയപാത 75ൽ മറനഹള്ളി മുതൽ അഡ്ഡഹോളെ വരെയാണ് തുരങ്കപാത നിർമിക്കേണ്ടത്. കർണാടകയുടെ വ്യാപാര, വ്യവസായിക വളർച്ച ത്വരിതപ്പെടുത്താൻ തുരങ്കപാത ഉതകുമെന്ന് നിവേദനത്തിൽ പറഞ്ഞു. ദേശീയപാത 275ൽ മൈസൂരുവിലെ മണിപ്പാൽ ആശുപത്രി കവലയിൽ മേൽപാലം, ബെളഗാവി ജില്ലയിലെ ഗോകക് വെള്ളച്ചാട്ടത്തിൽ കേബ്ൾ കാർ, ബെളഗാവി ജില്ലയിൽ കിറ്റൂർ-ബൈലഹൊൻഗൽ പാത വികസനം, കലബുറഗി, റായ്ചൂർ ബൈപാസ് നിർമാണം, ദേശീയപാത 373ൽ ബെലൂർ-ചിക്കമഗളൂരു ഭാഗം വീതികൂട്ടൽ, ദേശീയപാത 150 എയിൽ ചാളക്കര ടൗൺ ഒറ്റത്തവണ നവീകരണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
കേരളവുമായി ബന്ധിപ്പിക്കുന്ന കൽപറ്റ-മാനന്തവാടി-കർണാടക എച്ച്.ഡി കോട്ട-ജയപുര റോഡ് അഭിവൃദ്ധിപ്പെടുത്താനുള്ള പ്രത്യേക നിർദേശങ്ങൾ സമർപ്പിച്ചു. ബെളഗാവി-ഹുൻഗുണ്ട്-റായ്ചൂർ (ദേശീയപാത 748 എ) ഇടനാഴി, ബംഗളൂരു-ചെന്നൈ അതിവേഗ പാത, സൂറത്-ചെന്നൈ അതിവേഗ പാത, ബംഗളൂരു സിറ്റിയിൽ സാറ്റലൈറ്റ് ടൗൺ റിങ് റോഡ് എന്നിവയും നിവേദനത്തിൽ ഇടം നേടി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഊർജ മന്ത്രി കെ.ജെ. ജോർജ്, പൊതുമരാമത്ത് മന്ത്രി സതീഷ് ജർകിഹോളി, ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിവിധ വകുപ്പ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ മുഖ്യമന്ത്രി കർണാടകയിൽനിന്നുള്ള എൻ.ഡി.എ എം.പിമാരുമായും കൂടിക്കാഴ്ച നടത്തി. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും കർണാടകക്കായി ഒന്നിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം എം.പിമാരെ ഉണർത്തി. കർണാടകയിൽനിന്നുള്ള അഞ്ച് എം.പിമാർ കേന്ദ്ര മന്ത്രിസഭയിലുണ്ട്. നിർമല സീതാരാമൻ, പ്രൾഹാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, വി. സോമണ്ണ, ശോഭ കരന്ദ്ലാജെ എന്നിവരാണ് മന്ത്രിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.