ബംഗളൂരു: ബി.ജെ.പിയുടെ ഒാപറേഷൻ താമരക്ക് പിന്നാലെ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിൽ തമ്മിലടി രൂക്ഷമായതോടെ ഏകോപന സമിതി ചെയർമാനായ സിദ്ധരാമയ്യയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു. സിദ്ധരാമയ്യയുടെ അനുയായികളായ എം.എൽ.എമാർ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ തുടർച്ചയായി നടത്തുന്ന പ്രസ്താവനകൾ സംബന്ധിച്ച് സംസ്ഥാന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചതിന് പിന്നാലെയാണ് വിളിപ്പിച്ചത്. കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും ഡൽഹിക്ക് തിരിച്ചിട്ടുണ്ട്.
കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതൽ സിദ്ധരാമയ്യയും അനുയായികളും വേട്ടയാടുന്നുവെന്നാണ് ജെ.ഡി-എസിെൻറ പരാതി. അടുത്തിടെ ഉഡുപ്പിയിൽ ചികിത്സാകേന്ദ്രത്തിൽ കഴിയവെ, സിദ്ധരാമയ്യ കുമാരസ്വാമിക്കെതിരെ നടത്തിയ സംഭാഷണം ഒളികാമറയിൽ പകർത്തി കന്നട ചാനലുകൾ പുറത്തുവിട്ടിരുന്നു.
കുമാരസ്വാമി സർക്കാർ അധികകാലം മുന്നോട്ടുപോവില്ലെന്നായിരുന്നു പരാമർശം. സഖ്യസർക്കാറിനോടുള്ള അതൃപ്തി കാരണം കോൺഗ്രസിനോട് ഇടഞ്ഞുനിൽക്കുന്ന എം.എൽ.എമാരിൽ പലരും സിദ്ധരാമയ്യയുടെ അനുയായികളാണ്. കഴിഞ്ഞദിവസങ്ങളിൽ എം.എൽ.എമാർ ചേരിതിരിഞ്ഞ് സിദ്ധരാമയ്യക്കും കുമാരസ്വാമിക്കും അനുകൂല പ്രസ്താവനകളുമായി രംഗത്തെത്തിയതും തലവേദനയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.