ബംഗളൂരു: കർണാടകയിലെ 20 ജില്ലകളിലെ 58 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ബി.ജെ.പിക്കെതിരെ 501 സീറ്റുകൾ നേടി കോൺഗ്രസ് വിജയിച്ചു. 1,184 വാർഡുകളിൽ കോൺഗ്രസ് 501ഉം, ബി.ജെ.പി 433ഉം, ജെ.ഡി.എസ് 45 സീറ്റും ബാക്കി 205 സീറ്റുകൾ സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും നേടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ന്യൂനപക്ഷ വോട്ടർമാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ബി.ജെ.പിക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 2023ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയുള്ള ബി.ജെ.പിക്കുള്ള വലിയൊരു മുന്നറിയിപ്പായും ഭരണവിരുദ്ധ വികാരത്തിന്‍റെ സൂചനയായും ഫലങ്ങൾ വിലയിരുത്തപ്പെടുന്നുണ്ട്.
ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഷിഗ്ഗോണിലെ ഗുട്ടൻ ടൗൺ പഞ്ചായത്തും, ബങ്കപ്പൂർ ടൗൺ മുനിസിപ്പൽ കൗൺസിലും നിലനിർത്താൻ കോൺഗ്രസിന് സാധിച്ചു. മന്ത്രി ബി. ശ്രീരാമുലുവിന്‍റെ നായകഹനട്ടി പഞ്ചായത്ത് ഉൾപ്പടെയുള്ള രണ്ട് മന്ത്രിമാരുടെ തട്ടകങ്ങളിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടു.
ബി.ജെ.പിയുടെ പ്രതീക്ഷയില്ലാത്ത ഭരണത്തിന്‍റെ പ്രതിഫലനമാണ് ഫലങ്ങൾ എന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കർണാടകയുടെ ചുമതലയുള്ള റൺദീപ് സിംഗ് സുർജെവാല വിജയത്തിൽ അഭിനന്ദനം അറിയിച്ചു കൊണ്ട് സംസ്ഥാനത്ത് പാർട്ടി പ്രവർത്തകരടെ കഠിനാധ്വാനവും, ഐക്ക്യവും കർണാടകയിൽ കോൺഗ്രയിനെ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്ന് പറഞ്ഞു.
ബി.ജെ.പി സംസ്ഥാനത്ത് മികച്ച രീതിയിൽ മെച്ചപ്പെട്ട മത്സരം കാഴ്ചവെച്ചന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വോട്ടർമാർ കൂടുതലുള്ള സ്ഥലങ്ങളിൽ മികച്ച ഫലം നേടാനായില്ലെന്നും, 65 ശതമാനം ന്യൂനപക്ഷ വോട്ടർമാരുള്ള തന്‍റെ മണ്ഡലത്തിൽ ബി.ജെ.പി ഒരിക്കലും വിജയിച്ചിട്ടില്ലെന്നും സ്വന്തം മണ്ഡലത്തിലെ തോൽവിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.