ബംഗളൂരു: കർണാടകക്ക് സ്വന്തമായി സംസ്ഥാന വിദ്യാഭ്യാസനയം (എസ്.ഇ.പി) രൂപവത്കരിക്കാനായി കോൺഗ്രസ് സർക്കാർ പ്രത്യേക കമീഷൻ രൂപവത്കരിച്ചു. യു.ജി.സി മുൻ മേധാവിയും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ പ്രഫ. സുഖ്ദേവ് തൊരാട്ട് ആണ് കമീഷൻ ചെയർമാൻ. കേന്ദ്ര സർക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) മുൻ ബി.ജെ.പി സർക്കാർ കർണാടകയിൽ നടപ്പാക്കിയിരുന്നു.
എന്നാൽ പുതുതായി അധികാരമേറ്റ കോൺഗ്രസ് സർക്കാർ എൻ.ഇ.പി പിൻവലിക്കുകയും അടുത്ത അധ്യയനവർഷത്തേക്കായി സംസ്ഥാനത്തിന് സ്വന്തമായി വിദ്യാഭ്യാസ നയം രൂപവത്കരിക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. 2024 ഫെബ്രുവരി 28ന് പുതിയ നയത്തിന്റെ കരട് റിപ്പോർട്ട് കമീഷൻ സമർപ്പിക്കും. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർ, എഴുത്തുകാർ, പ്രഫസർമാർ, വിദ്യഭ്യാസ പ്രവർത്തകർ എന്നിവരടങ്ങിയ 17 പേരാണ് കമീഷൻ അംഗങ്ങൾ. യോഗേന്ദ്ര യാദവ് അടക്കം എട്ടുപേരെ കമീഷന്റെ വിഷയ വിദഗ്ധന്മാരായും ഉപദേശകരായും നിയോഗിച്ചിട്ടുമുണ്ട്. കർണാടക വിദ്യാഭ്യാസ ഗവേഷണ പരിശീലന വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും കമീഷനുവേണ്ട എല്ലാ സഹായങ്ങളും നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്പെഷൽ ഓഫിസർ ഡോ. ഭാഗ്യവന എസ്. മുഡിഗൗഡ്രയാണ് കമീഷൻ മെംബർ സെക്രട്ടറി.
എൻ.ഇ.പി നടപ്പാക്കുന്നതിനായി സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരിക്കാനുള്ള നിർദേശങ്ങൾ നൽകാനായി മുൻ ബി.ജെ.പി സർക്കാർ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ജനാധിപത്യവിരുദ്ധ കാര്യങ്ങൾ പാഠ്യപദ്ധതിയിൽപെടുത്തൽ, വെജിറ്റേറിയൻ ഭക്ഷണത്തിന് പ്രാമുഖ്യം നൽകൽ, പൗരാണിക കാര്യങ്ങളും ഐതിഹ്യങ്ങളും ചരിത്ര സത്യങ്ങളായി അവതരിപ്പിക്കൽ തുടങ്ങി ഈ കമ്മിറ്റി നൽകിയ നിർദേശങ്ങളിൽ വ്യാപക എതിർപ്പ് ഉയർന്നിരുന്നു. കുട്ടികളിൽ തെറ്റായ അറിവും വിവേചനവും ഉണ്ടാക്കുന്നതും ഭരണഘടന വിരുദ്ധവുമാണെന്ന് കണ്ടെത്തിയതിനാലാണ് സിദ്ധരാമയ്യ സർക്കാർ എൻ.ഇ.പി പിൻവലിച്ചത്. സംസ്ഥാനത്തെ സ്കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലയെ സൂക്ഷ്മമായി വിലയിരുത്തി ഗുണനിലവാരമുള്ള വിദ്യാഭ്യാസം വ്യാപിപ്പിക്കാനുള്ള നിർദേശങ്ങൾ പുതിയ കമീഷൻ നൽകുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം തുല്യമായി എല്ലാവർക്കും ലഭ്യമാക്കൽ, ശാസ്ത്രീയ അറിവുകൾ നൽകൽ, ജനാധിപത്യ മൂല്യങ്ങൾ വളർത്തൽ, നല്ല പൗരന്മാരാക്കാൻ ധാർമിക മൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കൽ, തൊഴിൽ വിപണിക്ക് അനുയോജ്യമായ പ്രഫഷനൽ വിദ്യാഭ്യാസം നൽകൽ തുടങ്ങിയ കാര്യങ്ങളിൽ കമീഷൻ നിർദേശം നൽകുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.