ഗഞ്ച്ദുവാര: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സാമൂഹ്യ വിരുദ്ധർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ യു.പിയിലെ ഗഞ്ച്ദുവാരയിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ കവാടത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തീ അണച്ചതായി എസ്.പി പിയൂഷ് ശ്രീവാസ്തവ അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
സ്ഥലത്തെത്തിയ ജില്ലാ മജിസ്ട്രേറ്റ് ആർ.പി സിങ് സ്ഥിതിഗതികൾ വിലയിരുത്തി. പടിഞ്ഞാറൻ യു.പി നഗരമായ ഗഞ്ച്ദുവാരയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവം തടയുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് കോൺസ്റ്റബിൾമാരായ ഹരിശരൻ, നാഗേന്ദ്ര എന്നിവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിൽ ബി.ജെ.പി വിദ്യാർഥി സംഘടനയായ എ.ബി.വി.പി നടത്തിയ തിരംഗ് യാത്രയാണ് യു.പിയിലെ കാസ്ഗഞ്ചിൽ വർഗീയ കലാപത്തിന് വഴിവെച്ചത്. പാകിസ്താനോട് ഏറ്റുമുട്ടി മാതൃരാജ്യത്തിനു വേണ്ടി വീരചരമം പ്രാപിച്ച പരംവീർ അബ്ദുൽ ഹമീദിന്റെ പേരിലുള്ള ചൗക്കിൽ ദേശീയ പതാക ഉയർത്തുന്നവരോട് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ പാകിസ്താൻ മുർദാബാദ് വിളിക്കണമെന്നും വന്ദേമാതരം ചൊല്ലണമെന്നും, അല്ലെങ്കിൽ ഖബർസ്ഥാനിൽ പോകേണ്ടി വരുമെന്നും പറഞ്ഞ് ഹിന്ദുത്വ പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും അക്രമികൾ വ്യാപാര സ്ഥാപനങ്ങളും വീടുകളും ചാമ്പലാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.