കശ്മീര്‍ പാകിസ്താന്‍െറ അവിഭാജ്യഭാഗം –നവാസ് ശരീഫ്

ഇസ്ലാമാബാദ്: കശ്മീര്‍ പാകിസ്താന്‍െറ അവിഭാജ്യ ഭാഗമാണെന്ന് ആവര്‍ത്തിച്ച് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ ബുര്‍ഹാന്‍ വാനിയെ ഊര്‍ജസ്വലനും സ്വാധീനശക്തിയുമുള്ള നേതാവെന്നും അദ്ദേഹം വീണ്ടും വിശേഷിപ്പിച്ചു.
കശ്മീര്‍ സംബന്ധിച്ച ദ്വിദിന അന്താരാഷ്ട്ര പാര്‍ലമെന്‍ററി സെമിനാറിന്‍െറ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നവാസ് ശരീഫ്. സ്വയം നിയന്ത്രണാവകാശത്തിനായുള്ള കശ്മീരി ജനതയുടെ ആവേശത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രകീര്‍ത്തിച്ച ശരീഫ്, കശ്മീരിലെ സഹോദരങ്ങള്‍ക്കായി തങ്ങളുടെ ഹൃദയം മിടിക്കുകയും തപിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞതായി റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയോട് ‘ചെയ്തത് മതി’ എന്നു ലോകരാജ്യങ്ങള്‍ പറയേണ്ട സമയമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ പോരാട്ടത്തിന് ബുര്‍ഹാന്‍ വാനി പുതിയ ദിശ നല്‍കുകയാണ് ചെയതത്. വാനി കൊല്ലപ്പെട്ട ശേഷം കശ്മീര്‍ ജനതക്കുനേരെ നടന്ന ‘ഇന്ത്യയുടെ അതിക്രമം’ അപലപനീയമാണ്. കശ്മീരികള്‍ക്ക് അവരുടെ തനത് സമരം തുടരാനും അവരുടെ അവകാശത്തിനായി അന്താരാഷ്ട്ര സമൂഹത്തെ ഉണര്‍ത്താനും ധാര്‍മികവും രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ പാകിസ്താന്‍ തുടര്‍ന്നും നല്‍കും. ഐക്യരാഷ്ട്ര പൊതുസഭയില്‍ താന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചു. കശ്മീരിലെ സ്ഥിതിഗതികളെപ്പറ്റി അവബോധമുണ്ടാക്കാന്‍  പ്രധാന രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധികളെ പാകിസ്താന്‍ അയച്ചിട്ടുണ്ട്. കശ്മീര്‍ ജനതക്ക് 70 വര്‍ഷം മുമ്പ് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്നിട്ടിറങ്ങണം. യു.എന്‍ രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ നടപ്പിലാക്കി കശ്മീരികളുടെ യാതനകള്‍ക്ക് അറുതി വരുത്തണമെന്നും ശരീഫ് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അജണ്ടയില്‍ പരിഹരിക്കപ്പെടാതെ അനന്തമായി നീളുന്ന പ്രശ്നങ്ങളാണ് കശ്മീരും ഫലസ്തീനുമെന്ന് നവാസ് ശരീഫിന്‍െറ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.
ഒക്ടോബറില്‍ പ്രവാസി സമ്മേളനത്തില്‍ സംസാരിക്കവെ നവാസ് ശരീഫ്, ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തിയത് ഇന്ത്യയുടെ കടുത്ത വിമര്‍ശം ക്ഷണിച്ചു വരുത്തിയിരുന്നു. ഭീകരവാദത്തോടുള്ള പാകിസ്താന്‍െറ അഭിനിവേശമാണ് ഇത് കാണിക്കുന്നതെന്നായിരുന്നു ഇന്ത്യ അന്ന് വ്യക്തമാക്കിയത്.

Tags:    
News Summary - kashmir pakistan's integral part- nawaz sharif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.