ശ്രീനഗർ: ജമ്മു-കശ്മീരിലെ സ്ഥിരം താമസക്കാർക്ക് പ്രത്യേകാവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് റദ്ദാക്കുന്നത് സംബന്ധിച്ച് ഉയർന്ന വിവാദത്തെ തുടർന്ന് വിഘടനവാദ സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതം നിശ്ചലമാക്കി. ഗതാഗതം മുടങ്ങി. കടകളും സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. കശ്മീർ സർവകലാശാലയും പരീക്ഷ ബോർഡുകളും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.
ആർട്ടിക്കിൾ 35 എ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് അനുകൂല എൻ.ജി.ഒ സംഘടന നൽകിയ ഹരജി സുപ്രീംകോടതി സ്വീകരിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പ്രത്യേകാവകാശങ്ങൾ ഹനിക്കാനുള്ള നീക്കങ്ങൾക്കെതിരെ മുഖ്യധാരാ പ്രതിപക്ഷ കക്ഷികളായ നാഷനൽ കോൺഫറൻസും കോൺഗ്രസും രംഗത്തെത്തി. അതേസമയം, വിഷയം പ്രധാനമന്ത്രിയുമായി സംസാരിച്ചതായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പി.ഡി.പിയുമായുണ്ടാക്കിയ സഖ്യകക്ഷി കരാറിൽ, കശ്മീരിന് ഭരണഘടന ഉറപ്പുനൽകുന്ന പ്രത്യേക അവകാശം സംബന്ധിച്ച വകുപ്പ് റദ്ദാക്കില്ലെന്ന് ബി.ജെ.പിയും പ്രധാനമന്ത്രിയും ഉറപ്പുനൽകിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. എന്നാൽ, മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വാസയോഗ്യമല്ലെന്നും പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഒരുറപ്പും നൽകിയിട്ടില്ലെന്നും നാഷനൽ കോൺഫറൻസ് പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് ഇൗ വിഷയത്തിലെ ആശങ്ക പങ്കുവെച്ചിരുന്നു. തുടർന്ന്, ഫാറൂഖ് അബ്ദുല്ലയെ വീട്ടിലെത്തി കണ്ട മഹ്ബൂബ, കശ്മീരികളുടെ പ്രത്യേകാവകാശത്തിനെതിരായ നീക്കങ്ങളിൽ തെൻറ പാർട്ടിക്കുള്ള ആശങ്ക അറിയിച്ചു. എന്നാൽ, കശ്മീരിന് പ്രേത്യക പദവി നൽകുന്ന ആർട്ടിക്കിൾ 370 പോലും റദ്ദാക്കണമെന്ന് വാദിക്കുന്ന ബി.ജെ.പിയുമായി സഖ്യത്തിലുള്ള മഹ്ബൂബയുടെ നിലപാടിൽ ആത്മാർഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമർ അബ്ദുല്ല പറഞ്ഞു.
വിഘടനവാദി നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മീർവാഇസ് ഉമർ ഫാറൂഖ്, യാസീൻ മാലിക് എന്നിവർ നയിക്കുന്ന ഗ്രൂപ്പുകളുടെ സംയുക്തവേദിയായ ജോയിൻറ് െറസിസ്റ്റൻസ് ലീഡർഷിപ് (ജെ.ആർ.എൽ) ആണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. കശ്മീരി ജനതയുടെ സ്വയംനിർണയാവകാശം ഉറപ്പാക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കാനുള്ള അവകാശം െഎക്യരാഷ്ട്ര സഭക്കാണെന്ന് ജെ.ആർ.എൽ നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.