കത്വ ബലാത്സംഗ കേസിലെ പ്രതികളിൽ ഒരാൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു

ചണ്ഡിഗഡ്: കത്വ കൂട്ടബലാത്സംഗ കേസിൽ ഒരാൾക്ക് പഞ്ചാബ്-ഹരിയാന ഹൈകോടതി ജാമ്യം അനുവദിച്ചു. പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന ആനന്ദ് ദത്തക്കാണ് ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കാൻ പ്രതികളെ സഹായിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. ജസ്റ്റിസ് തേജീന്ദർ സിങ് ദിൻഡ്സ, വിനോദ് എസ്. ഭരത്വാജ് എന്നിവരുൾപ്പെടുന്ന ബെഞ്ചിൻറേതാണ് വിധി.

സബ് ഇൻസ്പെക്ടർകൂടിയായ ദത്ത സംഭവം നടക്കുന്ന സമയത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്നു. അഞ്ച് വർഷം കഠിനതടവാണ് ദത്തക്ക് ലഭിച്ച ശിക്ഷ. തന്‍റെ അപ്പീൽ പരിഗണിക്കുന്ന സമയത്ത് ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദത്ത ഹർജി നൽകിയിരുന്നു. ലഭിച്ചതിന്‍റെ ഭൂരിഭാഗം ശിക്ഷയും ഇയാൾ അനുഭവിച്ചു കഴിഞ്ഞെന്നും കൂട്ടുപ്രതിയായ തിലക് രാജിന്‍റെ ശിക്ഷ ഹൈകോടതി നേരത്തേ സസ്പെൻഡ് ചെയ്തതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ദത്തയുടെ ശേഷിക്കുന്ന ശിക്ഷ നിർത്തിവെക്കുകയും വ്യക്തിഗത/ ജാമ്യ ബോണ്ടുകൾ നൽകി ഇയാളെ ജാമ്യത്തിൽ വിടാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2018 ജനുവരിയിൽ ജമ്മുകശ്മീരിലെ കത്വയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കത്വക്ക് സമീപമുള്ള രസാന ഗ്രാമത്തിൽ ബക്കർവാൾ സമുദായത്തിൽപ്പെട്ട 8 വയസ്സുകാരിയായ പെൺകുട്ടിയെ ക്ഷേത്ര പൂജാരിയുൾപ്പെടെ ഏഴ് പേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണ് കേസ്. പ്രതികളിൽ ആറ് പേരെ പത്താൻകോട്ട് സെഷൻസ് ജഡ്ജ് ശിക്ഷിച്ചു.

ജമ്മു കശ്മീരിൽ ബാധകമായ രൺബീർ പീനൽ കോഡിലെ സെക്ഷൻ 201 (കുറ്റകൃത്യത്തിൻറെ തെളിവുകൾ നശിപ്പിക്കുക‍/തെറ്റായ വിവരങ്ങൾ കൈമാറുക), സെക്ഷൻ 34 (ഏകീകൃത ലക്ഷ്യത്തോടെ ഒരു കൂട്ടം ചെയ്യുന്ന കുറ്റം), സെക്ഷൻ 120-ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ സെക്ഷനുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. 

Tags:    
News Summary - Kathua rape case: Punjab & Haryana suspends sentence, grants bail to Anand Dutta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.