കത്‍വ കേസ്: മുസ്‍ലിം യൂത്ത് ലീഗില്‍ നിന്ന് പണം ലഭിച്ചെന്ന് ഇരയുടെ കുടുംബം

ന്യൂഡൽഹി: മുസ്‍ലിം യൂത്ത് ലീഗിൽ നിന്ന് സാമ്പത്തിക സഹായവും നിയമസഹായവും ലഭിച്ചിരുന്നുവെന്ന് കത്‍വ കേസിലെ ഇരയുടെ കുടുംബം. പല നിലയിൽ മുസ്‍ലിം യൂത്ത് ലീഗ് തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോഴും സഹായം തുടരുകയാണെന്നും അച്ഛൻ മുഹമ്മദ് അഖ്ത്തര്‍ പ്രതികരിച്ചതായി മീഡിയവൺ റിപ്പോർട്ട് ചെയ്തു. അഞ്ച് ലക്ഷം രൂപ ധനസഹായം ലഭിച്ചുവെന്ന യൂത്ത് ലീഗ് വാദം കുടുംബം ശരിവെക്കുകയാണ്. പുറമേ, അഭിഭാഷകരെ ഏര്‍പ്പാടാക്കിത്തന്നെന്ന് വളര്‍ത്തച്ഛൻ മുഹമ്മദ് യൂസുഫും വ്യക്തമാക്കി.

എന്നാല്‍ കത്‍വ കേസിന്‍റെ പേരിൽ പ്രശസ്തയായ അഭിഭാഷക ദീപിക സിങ് രജാവതിനെതിരെ കടുത്ത ആരോപണമാണ് ഇരയുടെ കുടുംബം ഉന്നയിക്കുന്നത്. ആദ്യം സൗജന്യമായി കേസ് വാദിക്കാമെന്നേറ്റ അഭിഭാഷക പിന്നീട് ഒന്നര ലക്ഷം രൂപ പണമായി കൈപ്പറ്റിയെന്ന് കുടുംബം പറയുന്നു.

110 തവണ കോടതി കേസ് പരിഗണിച്ചപ്പോൾ രണ്ട് തവണ മാത്രമാണ് അവര്‍ കോടതിയിൽ ഹാജരായത്. അതിനാൽ അവരുടെ വക്കാലത്ത് ഒഴിവാക്കേണ്ടി വന്നു. കേസ് നടത്തിപ്പ് ദുര്‍ബലപ്പെട്ടാൽ സഹായിക്കുന്നവരെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കാണ് അതിന്‍റെ ഉത്തരവാദിത്വമെന്ന് ഇരയുടെ പിതൃസഹോദരനും പ്രതികരിച്ചു.

കത്‍വ കേസിലെ ഇരക്ക് വേണ്ടി മുസ്‍ലിം യൂത്ത് ലീഗ് സമാഹരിച്ച ധനസഹായം കൈമാറിയില്ലെന്ന് ആരോപണമുയരുകയും വിവാദമാവുകയും ചെയ്തിരുന്നു. പണം കൈമാറിയെന്ന യൂത്ത് ലീഗ് അവകാശവാദം ശരിവെക്കുകയാണ് കുടുംബം. 

Tags:    
News Summary - Kathua rape case victim's family claims to have received money from the Muslim Youth League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.