ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദിൽ അഗ്നിപഥ്തിനെതിരായി നടന്ന പ്രതിഷേധത്തിനിടെ വെടിയേറ്റുമരിച്ച യുവാവിന്‍റെ കുടുംബത്തിന് 25ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തെലുങ്കാന സർക്കാർ. ഇന്നലെയാണ് വാറങ്ങൽ ജില്ലയിലെ ദബീർപേട്ട് സ്വദേശിയായ ഡി. രാഗേഷ് (22) എന്ന യുവാവ് റെയിൽവെ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചത്.
മരണത്തിൽ അനുശോചനം അറിയിക്കുന്നെന്നും കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അറിയിച്ചു.
'കേന്ദ്രസർക്കാരിന്‍റെ തെറ്റായ നയങ്ങളുടെ ഇരയായ രാഗേഷിന്‍റെ മരണത്തിൽ അനുശോചനം അറിയിക്കുന്നു. കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുകയും കുടുംബത്തിലെ അർഹരായവർക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള സർക്കാർ ജോലി നൽകും.'- മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. കൂടാതെ തെലങ്കാനയിലെ കുട്ടികളെ സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്നും ട്വീറ്റിൽ പറയുന്നു.
സെക്കന്ദരാബാദിൽ ഇന്നലെയുണ്ടായ പ്രതിഷേധത്തിൽ പ്രതിഷേധക്കാർ റെയിൽവെ സ്റ്റേഷൻ തകർക്കുകയും ട്രെയിനിന് തീയിടുകയും ചെയ്തിരുന്നു. അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ രംഗത്തുവന്നിരിക്കുകയാണ്. അഗ്നിവീരർക്ക് കേന്ദ്ര സായുധ പൊലീസിലും(സി.എ.പി.എഫ്) അസം റൈഫിൾസിലും 10ശതമാനം സംവരണം ഏർപ്പെടുത്തി എന്നതാണ് സർക്കാറിന്റെ പുതിയ പ്രഖ്യാപനം. നാലുവർഷത്തെ അഗ്നിപഥ് പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്കാണ് സംവരണം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.