പാട്ന: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ പ്രകീർത്തിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി. ബിഹാറിലെ സീമാഞ്ചലിലുള്ള സന്ദർശത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അസദുദ്ദീൻ ഉവൈസി മുഖ്യമന്ത്രിയെ പ്രകീർത്തിച്ചത്.
കെ.സി.ആറിന് ഒരു കാഴ്ചപ്പാടുണ്ട്. അദ്ദേഹത്തിന്റെ കലത്ത് ഗുണപരമായ ചില കാര്യങ്ങൾ അദ്ദേഹം നടപ്പാക്കി. -കെ.സി.ആറിനെ പോലെ പ്രാദേശിക പാർട്ടി നേതാക്കളുടെ പ്രധാനമന്ത്രി സ്ഥാനമോഹത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഉവൈസിയുടെ പരാമർശം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരെയും ഉവൈസി വാഴ്ത്തി.
കടൽത്തീരമില്ലാതെ, വിവിധ സംസ്ഥാനങ്ങളാൽ ചുറ്റപ്പെട്ട സംസ്ഥാനമാണ് തെലങ്കാന. എന്നിട്ടും അതിന് വളരെ മികച്ച വളർച്ചാ നിരക്കാണുള്ളത്. മത്സ്യ ഉത്പന്നങ്ങളുടെ നിർമാണത്തിൽ രണ്ടാം സ്ഥാനവും തെലങ്കാനക്കാണ്. -ഉവൈസി പറഞ്ഞു.
അതേസമയം, ഉവൈസി കോൺഗ്രസിനെയും സഖ്യകക്ഷികളെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ സഖ്യത്തിന് അധികാരം നഷ്ടമായപ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന് കരഞ്ഞ കോൺഗ്രസ്, ബിഹാറിൽ ഞങ്ങളുടെ എം.എൽ.എമാരെ വലയിട്ട് പിടിക്കുമ്പോൾ മറ്റൊരു തരത്തിലാണ് പ്രതികരിക്കുന്നതെന്നും ഉവൈസി വിമർശിച്ചു.
2020 ലെ ബിഹാർ നിയമ സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ എ.ഐ.എം.ഐ.എം വിജയിച്ചിരുന്നു. അതിൽ നാല് എം.എൽ.എമാർ ആർ.ജെ.ഡിയിൽ ചേർന്നു. അവരിലൊരാൾക്ക് മന്ത്രി സ്ഥാനം ലഭിക്കുകയും ചെയ്തു. ഇക്കാര്യമാണ് ഉവൈസി ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.