ഓക്സിജൻ ലഭിക്കാൻ ഞാൻ ആരോടാണ് സംസാരിക്കേണ്ടത്? -മോദിയോട് കെജ്‌രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തിൽ നിസ്സഹായത വിവരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ ആശുപത്രികളിലേക്ക് ഓക്സിജൻ ലഭ്യമാക്കാൻ ആരോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ് തരൂ എന്നാണ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കർശന നടപടിയെടുത്തില്ലെങ്കിൽ ഡൽഹിയിൽ ഒരു ദുരന്തം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഡൽഹി നഗരത്തിലുടനീളം ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് കെജ്‌രിവാൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹിയിൽ ഓക്സിജൻെറ വലിയ കുറവുണ്ട്. ഇവിടെ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാൻറ് ഇല്ലെങ്കിൽ ഡൽഹിയിലെ ആളുകൾക്ക് ഓക്സിജൻ ലഭിക്കില്ലേ? -കെജ്‌രിവാൾ യോഗത്തിൽ ചോദിച്ചു.

ഓക്‌സിജൻ ഇല്ലാതെ ഡൽഹിയിലെ ആശുപത്രിയിൽ ഒരു രോഗി മരിക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി പറയണം. ഞങ്ങൾക്ക് ആളുകളെ മരിക്കാൻ വിടാനാവില്ല. കർശന നടപടിയെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം ഡൽഹിയിൽ ഒരു ദുരന്തമുണ്ടാകും. മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. രാത്രി എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല -കെജ്‌രിവാൾ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾ ഡൽഹിയിലേക്കുള്ള ഓക്സിജൻ വിതരണം തടഞ്ഞെന്നും, ട്രക്കുകൾ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഓക്സിജൻ വിതരണത്തിന് സഹായിക്കൂ എന്ന് കെജ്‌രിവാൾ യോഗത്തിൽ അഭ്യർത്ഥിച്ചു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിവിട്ട അവസ്ഥയിൽ ഇന്ന് മൂന്ന് യോഗങ്ങളാണ് പ്രധാനമന്ത്രി വിളിച്ചു ചേർത്തിരിക്കുന്നത്. പതിവ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിമാരുമായുള്ള ചർച്ച നടത്തിയത്.

Tags:    
News Summary - Kejriwal appeals to PM Modi about oxygen shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.