ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനങ്ങളുമായി കോൺഗ്രസിന്‍റെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയും നിലവിലെ മുഖ്യമന്ത്രിയുമായ ചരൺജിത് സിംഗ് ചന്നി. ബ്രിട്ടീഷുകാർ ഇന്ത്യയെ കൊള്ളയടിച്ചത് പോലെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും പ്രവർത്തകരും പഞ്ചാബ് കൊള്ളയടിക്കാനാണ് വന്നതെന്ന് ചന്നി ആരോപിച്ചു. കൂടാതെ കെജ്‌രിവാൾ തനിക്കെതിരെ നിരവധി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതായും ചന്നി പറഞ്ഞു. അനധികൃത ഖനന കേസിൽചന്നിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിനെതിരെ വിമർശനങ്ങളുമായി അദ്ദേഹം രംഗത്ത് വന്നത്.
അരവിന്ദ് കെജ്‌രിവാൾ നുണയനാണെന്നും തനിക്കെതിരെ നിരവധി ആരോപണങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കി അദ്ദേഹം ഗവർണർക്ക് പരാതി നൽകിയെന്നും ചരൺജിത് സിംഗ് ചന്നി വാർത്താഎജൻസിയായ എ.എൻ.ഐ യോട് പറഞ്ഞു. എന്നാൽ ആത്യന്തികമായി സത്യം മാത്രമേ വിജയിക്കൂവെന്ന് അന്വേഷണത്തിൽ നിന്ന് തെളിഞ്ഞതായും ചന്നി പറഞ്ഞു.
കേസിൽ ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ട എ.എ.പി സർക്കാരിനെതിരെ കോൺഗ്രസ് എം.പിയായ രൺവീത് സിംഗ് ബിട്ടുവും നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ചന്നിക്കെതിരെ ചുമത്തിയ അനധികൃത ഖനനക്കേസ് ബി.ജെ.പിയുടെ രാഷ്ട്രീയ ഒത്താശയോട് കൂടിയാണ് നടന്നതെന്നാണ് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.