ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാൻ ഭാര്യ സുനിത കെജ്‌രിവാളിന് തിഹാർ ജയിൽ ഭരണകൂടം അനുമതി നിഷേധിച്ചതായി എ.എ.പി വൃത്തങ്ങൾ അറിയിച്ചു.
"സുനിത അരവിന്ദ് കെജ്‌രിവാളിനെ ഏപ്രിൽ 29ന് കാണേണ്ടതായിരുന്നു എന്നാൽ തിഹാർ ഭരണകൂടം അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കാനുള്ള കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല" -പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്. ആഴ്ചയിൽ 2 തവണയേ സന്ദർശകർക്ക് അനുമതിയുള്ളൂവെന്നും സുനിത മുൻകൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജയിൽ അധികൃതരുടെ വാദം.
സ്വേച്ഛാധിപത്യത്തിനെതിരെ വോട്ടുചെയ്യാനും ജനാധിപത്യത്തെ സംരക്ഷിക്കാനും കഴിഞ്ഞദിവസം, പൊതുജനങ്ങളോട് അഭ്യർഥിച്ച് സുനിത കെജ്‌രിവാൾ രംഗത്തെത്തിയിരുന്നു. വെസ്റ്റ് ഡൽഹി നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി (എ.എ.പി) സ്ഥാനാർഥി മഹാബൽ മിശ്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു സുനിത.
സ്‌കൂളുകൾ പണിയുകയും സൗജന്യ വൈദ്യുതി നൽകുകയും ചെയ്‌തതിനാലാണ് കെജ്‌രിവാൾ ജയിലിലായതെന്ന് സുനിത പറഞ്ഞു. ആർക്കും തകർക്കാനോ തലകുനിപ്പിക്കാനോ കഴിയാത്ത വ്യക്തിയാണ് കെജ്‌രിവാളെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.