ന്യൂഡൽഹി: മാവോവാദി വേട്ടക്ക് കേരള സർക്കാർ 6.67 കോടി രൂപ കൈപ്പറ്റിയതായി ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വെളിപ്പെടുത്തി. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലേക്കാണ് ഈ പണം നൽകിയത്. എട്ടു മാവോവാദികളെ പൊലീസ് വധിച്ചതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിക്ക് ലോക്സഭയിൽ എഴുതിനൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. സംസ്ഥാനത്ത് മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളെയാണ് മാവോവാദികളെ നേരിടുന്നതിനുള്ള സുരക്ഷകാര്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2018 ഏപ്രിൽ ഒന്നു മുതലാണ് ഈ പദ്ധതി ഈ ജില്ലകളിൽ നടപ്പാക്കിയത്.
അതിനുശേഷം അനുവദിച്ച തുകയാണ് 6.67 കോടി. 2000 മുതൽ 2015വരെ കേരളത്തിൽ മാവോവാദികൾ കൊല്ലപ്പെട്ടിട്ടില്ല. 2016ൽ രണ്ടുപേർ കൊല്ലപ്പെട്ടു. കേന്ദ്ര സഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയശേഷം 2019, 2020 വർഷങ്ങളിലായി ആറു പേരും വധിക്കപ്പെട്ടു. കേരളത്തില്‍ നടന്ന മാവോവാദി കൊലപാതകങ്ങളിൽ സമഗ്രാന്വേഷണം വേണമെന്ന ആവശ്യത്തിന് അടിവരയിടുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലെന്ന് സുധാകരൻ പ്രതികരിച്ചു.
മാവോവാദി വേട്ടക്ക് പിണറായി സർക്കാർ കേന്ദ്രസഹായം സ്വീകരിച്ചുവെന്ന് തെളിഞ്ഞു. പിണറായി സർക്കാർ വന്ന ശേഷം കേരളത്തിൽ നടന്ന മാവോവാദി വേട്ട വ്യാജമാണെന്ന ആക്ഷേപം നിലനിൽക്കുന്നതിനാൽ, സർക്കാർ ദുരൂഹത നീക്കണമെന്നും സുധാകരൻ പറഞ്ഞു.
കേന്ദ്രസർക്കാറിൽനിന്ന് ധനസഹായം നേടിയെടുക്കാനുള്ള തന്ത്രം വ്യാജ ഏറ്റുമുട്ടലുകൾക്കു പിന്നിൽ ഉള്ളതായി നേരേത്ത ആരോപണം ഉയർന്നതാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. മാവോവാദി വേട്ടയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തോട് സർക്കാർ മുഖംതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.