ഭുവനേശ്വർ: ഒഡിഷയിൽ വർഗീയ കലാപങ്ങളിലൂടെ കുപ്രസിദ്ധമായ ജില്ലയാണ് കന്ധമാൽ. ഇവിടുത്തെ ബ്രാഹ്മ്ണിഗാവ് ഗ്രാമത്തിൽ റോഡരികിലായി ചെറിയൊരു ഹോട്ടലുണ്ട്. ഹോട്ടലെന്ന് വിളിക്കാനാവില്ല, നമ്മുടെ നാട്ടിലെ തട്ടുകടകൾക്ക് സമാനമായൊരു ഭക്ഷണകേന്ദ്രം. 'ജിഹോവ താസ തവ' എന്നാണ് പേര്. അനന്ത ബലിയാർസിങ്, സഹോദരൻ സുമന്ത ബലിയാർസിങ് എന്നിവരാണ് കടയുടെ നടത്തിപ്പുകാർ. ഇവരുടെ ഹോട്ടലിലെ പ്രധാന വിഭവം കേരള പൊറോട്ടയാണ്. നമ്മുടെ നാട്ടിലെങ്ങും സുലഭമായി ലഭിക്കുന്ന വിഭവം. എന്നാൽ, കന്ധമാലിലെ സഹോദരങ്ങളുടെ കടയിൽ പൊറോട്ട വെറുമൊരു ഭക്ഷ്യവിഭവം മാത്രമല്ല, ജാതീയതയുടെ അതിർവരമ്പുകൾ ഭേദിച്ച രുചിഭേദം കൂടിയാണ്.
എസ്.സി വിഭാഗക്കാരായ ക്രിസ്ത്യാനികളാണ് 36കാരനായ അനന്ത ബലിയാർസിങ്ങും 33കാരനായ സുമന്ത ബലിയാർസിങ്ങും. പത്താംക്ലാസിന് ശേഷം ഇവർ സ്കൂളിൽ പോയിട്ടില്ല. ഇരുവരും ജോലിയിലേക്ക് തിരിയുകയായിരുന്നു. 175 കി.മീ അകലെയുള്ള ബെരാംപൂരിലെ ഒരു ധാബയിൽ പാത്രം കഴുകലായിരുന്നു ഇവരുടെ ആദ്യ ജോലി. പിന്നീട് പൂണെയിൽ പോയി കെട്ടിട നിർമാണ ജോലി ചെയ്തു. ശേഷം ഒരു ഹോട്ടലിൽ പച്ചക്കറി മുറിക്കുന്ന ജോലി ചെയ്തു. ഏതാനും വർഷത്തിന് ശേഷം ഒരു ബന്ധുവിന്‍റെ സഹായത്തിൽ ബംഗളൂരുവിലെ ഒരു ഹോട്ടലിൽ ഇരുവരും ജോലിക്ക് ചേർന്നു.
ബംഗളൂരു ഹോട്ടലിലെ പൊറോട്ട സെക്ഷനിലായിരുന്നു ബന്ധുവിന് ജോലി. സുമന്ത അദ്ദേഹത്തിന്‍റെ സഹായിയായിരുന്നു. അനന്ത ഹോട്ടലിലെ മറ്റ് നോൺ-വെജ് വിഭവങ്ങളുണ്ടാക്കുന്നതിനുള്ള സഹായിയായിരുന്നു. 2017ൽ ഈ ഹോട്ടൽ പൂട്ടി.
'2017ൽ ഞങ്ങൾ കേരളത്തിലേക്ക് വന്നു. അവിടെ വെച്ചാണ് പൊറോട്ടയടിക്കാൻ പഠിച്ചത്' -സുമന്ത പറയുന്നു. 18 വർഷത്തോളം പലയിടങ്ങളിലായി ജോലി ചെയ്തുവന്ന സഹോദരങ്ങൾ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത് 2018ലാണ്. സ്വന്തമായി എന്തെങ്കിലും തുടങ്ങുകയായിരുന്നു ലക്ഷ്യം. ആ വർഷം ഏപ്രിലിൽ ഇരുവരും സ്വദേശത്തേക്ക് മടങ്ങി. നാട്ടിൽ റോഡരികിൽ ഒരു ഫുഡ് സ്റ്റാൾ തുടങ്ങി. പൊരിച്ച ചിക്കൻ ഉൾപ്പെടെ വിഭവങ്ങളാണ് വിറ്റത്. ആദ്യ ദിവസം 1350 രൂപയായിരുന്നു വരുമാനമെന്ന് ഇരുവരും ഓർക്കുന്നു.
കച്ചവടം മെച്ചപ്പെട്ടതോടെ ബ്രാഹ്മ്ണിഗാവിൽ ഒരു ഹോട്ടൽ തുടങ്ങാൻ സുമന്ത പദ്ധതിയിട്ടു. എന്നാൽ, നാട്ടിൽ നിലനിന്ന കടുത്ത ജാതീയത ഇവരെ പലതിൽ നിന്നും പിന്തിരിപ്പിച്ചു. 'ഹോട്ടൽ ആരംഭിക്കാൻ കൂടുതൽ പണവും നല്ല കെട്ടിടവും ആവശ്യമായിരുന്നു. ബാങ്കുകളോ, ജന്മിമാരോ ആരും സഹായിക്കാൻ തയാറായില്ല. സ്വന്തം കുടുംബക്കാർ പോലും സഹായിക്കാൻ മടിച്ചു. എസ്.സി വിഭാഗക്കാരായ ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ആരാണ് വരിക എന്നായിരുന്നു അവരെല്ലാം ചോദിച്ചത്' -സുമന്ത പറയുന്നു.
എന്നാൽ, റിസ്ക് ഏറ്റെടുക്കാൻ സുമന്ത തയാറായിരുന്നു. ഭാര്യാസഹോദരൻ നൽകിയ 35,000 രൂപ ഉപയോഗിച്ച് ഹോട്ടൽ തുടങ്ങാൻ ഇടം കണ്ടെത്തി. അനന്തയും സഹായത്തിനെത്തി. എന്നാൽ പ്രശ്നം അവിടെ അവസാനിച്ചില്ല. ഹോട്ടലിൽ ജോലി ചെയ്യാൻ തയാറായി ആരും വന്നില്ല. തുടർന്ന് പാചകം മുഴുവനും സ്വന്തമായി ചെയ്യാൻ ഇവർ തീരുമാനിച്ചു.
'കേരളത്തിൽ വെച്ച് പൊറോട്ടയുണ്ടാക്കാൻ പഠിച്ചിരുന്നു. ഗ്രാമത്തിലാരും മുമ്പ് പൊറോട്ട കഴിച്ചിട്ടുണ്ടായിരുന്നില്ല. പൊറോട്ട ഞങ്ങളുടെ ഹോട്ടലിലെ പ്രധാന ഇനമായി അവതരിപ്പിച്ചു' -സുമന്ത പറഞ്ഞു. 'ജിഹോവ താസ തവ' ഹോട്ടലിലെ കേരള പൊറോട്ട ബ്രാഹ്മ്ണിഗാവിൽ വൻ ഹിറ്റായി മാറി. പൊറോട്ടയുടെ കൂടെ കഴിക്കാൻ ചിക്കൻ, മട്ടൻ, മീൻ, മുട്ട തുടങ്ങിയവയും പച്ചക്കറി വിഭവങ്ങളും ഇവർ ഒരുക്കി. പൊറോട്ടയുടെ രുചിയറിഞ്ഞതോടെ ഭക്ഷണത്തിലെ ജാതീയയും ഇല്ലാതായി. ഇന്ന് പ്രദേശത്തെ ഉയർന്ന ജാതിക്കാരുടെ വരെ പ്രിയപ്പെട്ട ഭക്ഷണകേന്ദ്രമായി ഇവരുടെ ഹോട്ടൽ മാറിയിരിക്കുന്നു.
(കടപ്പാട്: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.