ന്യൂഡൽഹി: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധി തിരിച്ചുവിളിക്കണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പുനഃപരിശോധന ഹരജിയിൽ ആവശ്യപ്പെട്ടു.
1989ലെ നിയമം ദുർബലപ്പെടുത്തുന്നത് പട്ടികജാതി-വർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങളെ തകർക്കുമെന്ന് കേരളം ബോധിപ്പിച്ചു. കേന്ദ്രസർക്കാർ സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ നിലപാട് സുപ്രീംകോടതിയിൽ കൈക്കൊണ്ടതിന് പിറകെയാണ് കേരളത്തിെൻറ ഹരജി. സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെന്നും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കിയെന്നും പുനഃപരിശോധന ഹരജിയിൽ കേരളം ചൂണ്ടിക്കാട്ടി. പട്ടികജാതി-വർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിലെ 18ാംവകുപ്പ് ഭരണഘടന ലംഘനമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. 1989ലെ നിയമത്തിൽ വ്യക്തതക്കുറവില്ല. നിയമത്തിൽ വ്യക്തതയുള്ളതിനാൽ കോടതി മാർഗരേഖ ആവശ്യമില്ല.
പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളിൽ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യേണ്ടിവരും. സുപ്രീംകോടതി മാർഗനിർദേശപ്രകാരം പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചാൽ ഇരകളെ ഭീഷണിപ്പെടുത്താനും ശരിയായ അന്വേഷണം തടസ്സപ്പെടുത്താനും കഴിയും. പ്രാഥമികാന്വേഷണത്തിെൻറ പേരിൽ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കേണ്ട സാഹചര്യമുണ്ടാകരുത്.
പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നിയമമുണ്ടായിട്ടും അതിക്രമങ്ങൾ വർധിച്ചുവരുകയാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ ചൂണ്ടിക്കാട്ടി കേരളം വിശദീകരിച്ചു. ഇതനുസരിച്ച് 2016ലെ 47,338 കേസുകളിൽ 24.9 ശതമാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.