ന്യൂഡൽഹി: കേരളത്തിൽ ആകെ ജനസംഖ്യയുടെ 44 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്ന് ഐ.സി.എം.ആറിന്‍റെ സിറോസർവേ റിപ്പോർട്ട്. അതേസമയം, 67 ശതമാനമാണ് ദേശീയശരാശരി. വലിയ വിഭാഗം ജനങ്ങൾക്ക് ഇനിയും കോവിഡ് ബാധിച്ചിട്ടില്ലായെന്നത് വരുംനാളുകളിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ രോഗവ്യാപനം കേരളത്തിൽ ഉണ്ടായേക്കാമെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുപതിനായിരത്തിന് മുകളിലാണ് കേരളത്തിലെ പ്രതിദിന കോവിഡ് കേസുകൾ. രാജ്യത്താകെ റിപ്പോർട്ട് ചെയ്യുന്നതിന്‍റെ പകുതിയോളം കേസുകളും കേരളത്തിലാണ്.
കോവിഡിനെതിരായ ആന്‍റിബോഡി എത്രപേരിലുണ്ടെന്ന് കണക്കാക്കിയാണ് സിറോസർവേയിൽ ആകെ എത്ര പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തുന്നത്. കേരളത്തിൽ ഇത് ഏറ്റവും കുറവായത് രോഗം കൃത്യമായി കണ്ടെത്തുന്നതു കൊണ്ടാണെന്നാണ് വിലയിരുത്തൽ.
ദേശീയതലത്തിൽ 26 പേർക്ക് വൈറസ് ബാധിക്കുമ്പോൾ ഒരാളുടെ രോഗം മാത്രമേ കണ്ടെത്താനാവുന്നുള്ളൂവെന്നാണ് കണക്ക്. എന്നാൽ, കേരളത്തിൽ അഞ്ച് പേർക്ക് വൈറസ് ബാധയേൽക്കുമ്പോൾ ഒരാളുടെ അസുഖം കണ്ടെത്താനാവുന്നുണ്ട്.
കേരളത്തിൽ 33 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് കണ്ടെത്താനായത്. സിറോ സർവേ പ്രകാരമാണെങ്കിൽ കേരളത്തിൽ 1.6 കോടി പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ടാകും.
ദേശീയതലത്തിൽ 3.1 കോടി കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, 80 കോടി പേർക്കെങ്കിലും വൈറസ് ബാധിച്ചിരിക്കാമെന്നാണ് സിറോസർവേയിൽ ചൂണ്ടിക്കാട്ടുന്നത്.
മധ്യപ്രദേശിലാണ് ജനസംഖ്യാ അനുപാതത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം വന്നതായി കണക്കാക്കുന്നത്. ആകെ ജനസംഖ്യയുടെ 79 ശതമാനത്തിനും മധ്യപ്രദേശിൽ രോഗം വന്നുകഴിഞ്ഞതായാണ് സിറോസർവേ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.