ലോക കോഫി സമ്മേളനത്തിലെ കേരള പവിലിയൻ
ബംഗളൂരു: പാലസ് ഗ്രൗണ്ട്സിൽ നടക്കുന്ന ലോക കോഫി സമ്മേളനത്തിൽ കാപ്പി രുചിവൈവിധ്യവുമായി കേരളവും. കേരള പവിലിയൻ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പരമ്പരാഗത വാസ്തുശിൽപ ചാതുരിയിലാണ് പവിലിയൻ ഒരുക്കിയിരിക്കുന്നത്. കാപ്പി മേഖലയുമായി ബന്ധപ്പെട്ട 14 സംരംഭക, വ്യക്തിഗത യൂനിറ്റുകളും കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുന്നുണ്ട്.
കാപ്പി ഉൽപാദനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. 72,000 ടണ്ണാണ് കേരളത്തിന്റെ ഉൽപാദനം. രാജ്യത്തെ മൊത്തം ഉൽപാദനത്തിന്റെ 20 ശതമാനം വരുമിത്. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് സംസ്ഥാനത്ത് പ്രധാനമായും കാപ്പി ഉൽപാദനം നടക്കുന്നത്. രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും ആവശ്യക്കാരേറെയുള്ള, ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ച വയനാടൻ റോബസ്റ്റ കോഫിയാണ് പവിലിയനിലെ മുഖ്യ ആകർഷണം. ഇടുക്കിയിലെ കീഴാന്തൂര്‍ കാപ്പി പരിചയപ്പെടുത്തുന്ന സ്റ്റാളുമുണ്ട്. കീഴാന്തൂരിലെ ഗോത്ര കര്‍ഷക വനിതകള്‍ ഉൽപാദിപ്പിക്കുന്ന അറബിക്ക കാപ്പിയുമായാണ് കീഴാന്തൂരിലെ മഹാലക്ഷ്മിയും സംഘവും സമ്മേളനത്തിലെത്തിയത്.
ഉയർന്ന പ്രദേശങ്ങളിൽ വളരുന്ന അറബിക്ക കാപ്പിയാണ് ഇവര്‍ കൃഷി ചെയ്യുന്നത്. കീഴാന്തൂര്‍ ഗ്രാമം 5,000 അടി ഉയരത്തിലായതിനാല്‍ നല്ല വിളവ് ലഭിക്കുന്നുണ്ട്. പൂര്‍ണമായും ജൈവകൃഷി രീതിയായതിനാൽ ഇവിടത്തെ കാപ്പിക്കുരുവിന് ആവശ്യക്കാരേറെയാണ്. മണര്‍ക്കാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയാണ് കാപ്പിക്കുരു സംഭരിക്കുന്നത്. കീഴാന്തൂര്‍ സബ് ഗ്രൂപ്പാണ് സംഭരിച്ച് ഇവര്‍ക്ക് കൈമാറുന്നത്. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന കയറ്റുമതി കമ്പനി വഴി കീഴാന്തൂര്‍ കാപ്പി കടല്‍ കടക്കുന്നുണ്ട്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ പവിലിയനുകളും സമ്മേളനത്തിലുണ്ട്. കൂര്‍ഗിലെ സ്വസ്ത സെന്റര്‍ ഫോര്‍ സ്പെഷല്‍ എജുക്കേഷന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലെ അന്തേവാസികൾ നിര്‍മിച്ച ഉൽപന്നങ്ങളും ശ്രദ്ധേയമാണ്.
ചണം കൊണ്ടുള്ള സഞ്ചികള്‍, മേശവിരി, മറ്റ് അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയാണുള്ളത്. കാപ്പി വ്യവസായവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ പ്രദര്‍ശനവും വിവിധ സ്റ്റാളുകളിലുണ്ട്. കോഫി മേഖലയിലെ സംരംഭങ്ങൾ, ഉപകരണങ്ങൾ, നൂതന ഉൽപാദന വിപണന രീതികൾ തുടങ്ങിയവ മനസ്സിലാക്കാൻ അവസരമുണ്ട്.
കൂടാതെ വ്യത്യസ്ത കാപ്പികള്‍ രുചിച്ചുനോക്കാനും സൗകര്യമുണ്ട്. പാലസ് ഗ്രൗണ്ടിലൊരുക്കിയ കൃത്രിമ കാപ്പിത്തോട്ടം കാപ്പിയുടെ ഉൽപാദനനത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുന്നതാണ്.
വിത്തില്‍നിന്ന് പാനീയമായി കാപ്പി എത്തുന്നതുവരെയുള്ള ഓരോ ഘട്ടവും വ്യക്തമാക്കുന്നതാണ് കോഫി ബോര്‍ഡ് തയാറാക്കിയ തോട്ടം. 80ലധികം രാജ്യങ്ങളിൽ നിന്നുള്ള 2400ഓളം നേതാക്കളും പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം വ്യാഴാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.