ഹിമാചൽ പ്രദേശ് നിയമസഭ ഗേറ്റിൽ ഖലിസ്താൻ പതാകകൾ; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

ധർമശാല: ഹിമാചൽ പ്രദേശ് നിയമസഭയുടെ പ്രധാന ഗേറ്റിലും മതിലിലും ഖലിസ്താൻ പതാകകൾ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് ഖലിസ്താൻ പതാകകൾ സ്ഥാപിച്ച വിവരം കംഗ്ര പൊലീസിന് ലഭിക്കുന്നത്. നിയമസഭ സമുച്ചയത്തിന്‍റെ ചുവരുകളിൽ ഖലിസ്താൻ അനുകൂല മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്.

ഡെപ്യൂട്ടി കമീഷണർ ഡോ. നിപുൺ ജിൻഡാൽ സംഭവം സ്ഥിരീകരിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

"നിയമസഭയുടെ പുറം ഗേറ്റിൽ അഞ്ചോ ആറോ ഖലിസ്താനി പതാകകൾ സ്ഥാപിക്കുകയും ചുവരിൽ ഖലിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. പതാകകളും എഴുത്തുകളും നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗിമുക്കുകയാണ്"- കമീഷണർ പറഞ്ഞു.

നിയമസഭയിൽ ഖലിസ്താൻ പതാകകൾ സ്ഥാപിച്ചത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് മുഖ്യമന്ത്രി ജയറാം താക്കൂർ ആരോപിച്ചു. ശീതകാല സമ്മേളനം നടക്കുമ്പോൾ പ്രദേശത്ത് കൂടുതൽ സുരക്ഷ ഒരുക്കേണ്ടതുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

സിഖ് മത സ്ഥാപനമായ ദാംദാമി തക്‌സലിന്റെ നേതാവ് ഭിന്ദ്രൻവാലയുടെയും ഖാലിസ്ഥാന്റെയും പതാക സംസ്ഥാനത്ത് ഉയർത്തുമെന്ന് സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുരുപത്വന്ത് സിങ് മുഖ്യമന്ത്രിക്ക് കത്തയച്ചെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. സംസ്ഥാനത്ത് ഭിന്ദ്രൻവാലയുടെയും ഖാലിസ്ഥാന്റെയും പതാകകൾ നിരോധിച്ചത് സംഘടനയെ പ്രകോപിപ്പിക്കുകയും മാർച്ച് 29ന് പതാക ഉയർത്തുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ കനത്ത സുരക്ഷയെ തുടർന്ന് സംഘടനക്ക് പതാക ഉയർത്താൻ സാധിച്ചിരുന്നില്ല.

Tags:    
News Summary - Khalistan flags at Himachal Pradesh Assembly gate; CM says strict action will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.