അമൃത്‌സർ: ഖലിസ്ഥാൻ തീവ്രവാദി അമൃത്പാൽ സിങ്ങിന്റെ അമ്മ ബൽവീന്ദർ കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമൃത്പാൽ സിങ്ങിനെ അസമിലെ ദിബ്രുഗഢ് ജയിലിൽ നിന്ന് പഞ്ചാബിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്താനിരിക്കെ ഞായറാഴ്ചയാണ് ബൽവീന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തത് .
'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ തലവനായ അമൃത്പാൽ സിങ്ങിനെ കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റ് ചെയ്യുകയും ദേശ സുരക്ഷാ നിയമം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. അമൃത്പാൽ സിങ്ങിന്റെ ഒമ്പത് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അസമിലെ ജയിലിൽനിന്ന് പഞ്ചാബിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഭട്ടിൻഡയിലെ തഖ്ത് ദംദാമ സാഹിബിൽ നിന്ന് 'ചേതന മാർച്ച്' നടത്താനിരിക്കെയാണ് അറസ്റ്റ്. ബൽവീന്ദർ കൗറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആലം വിജയ് സിങ്ങ് അറിയിച്ചു.
ഫെബ്രുവരി 22 മുതൽ അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിന് സമീപം കൗറും മറ്റ് തടവുകാരുടെ ബന്ധുക്കളും നിരാഹാര സമരം നടത്തി വരികയായിരുന്നു. മകനെയും മറ്റ് തടവുകാരെയും പഞ്ചാബിലെ ജയിലിലേക്ക് കൊണ്ടുവരുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് ബൽവീന്ദർ കൗർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.