ന്യൂഡൽഹി: പ്രധാനമന്ത്രിയോട് സംസാരിക്കാൻ യുവതി പോസ്റ്റിൽ വലിഞ്ഞുകയറിയ സംഭവത്തിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദിയോട് സംസാരിക്കാൻ യുവതി പോസ്റ്റിൽ വലിഞ്ഞുകയറുന്നതിന്റെ ദൃശ്യങ്ങൾ അസ്വസ്ഥമാക്കുന്നതാണ്. രാജ്യത്തെ ശരിയായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് യുവതി പോസ്റ്റിലേക്ക് വലിഞ്ഞുകയറിയതെന്നും രാജ്യത്തെ യുവജനങ്ങൾക്ക് കബളിപ്പിക്കപ്പെട്ട് മതിയായെന്നും ഖാർഗെ പറഞ്ഞു.
എക്സിൽ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ പരാമർശം. മോദിക്ക് കീഴിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഉയരുകയാണ്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർധിക്കുകയാണ്. വിലക്കയറ്റവും, സാമ്പത്തിക അസമത്വവും ഉയരുകയാണെന്നും ഖാർഗെ പറഞ്ഞു.
രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ആവശ്യമായപ്പോൾ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കി ധനികരായ അഞ്ച് ശതമാനം പേരാണ് രാജ്യത്തിന്റെ 60 ശതമാനവും സ്വന്തമാക്കിയിരിക്കുന്നത്. ഐക്യവും സാഹോദര്യവും ഉണ്ടാകേണ്ടിടത്ത് മോദി സർക്കാർ അധികാരത്തിലെത്തിയതോടെ വെറുപ്പിന്റെ വിത്ത് പാകിയിരിക്കുകയാണ്. രാജ്യത്തെ യുവാക്കൾക്ക് കബളിപ്പിക്കപ്പെട്ട് മതിയായെന്നും ഖാർഗെ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു മോദിയോട് സംസാരിക്കാൻ യുവതി പോസ്റ്റിൽ വലിഞ്ഞുകയറിയത്. ഡിഗ റിസർവേഷൻ പോരാട്ട സമിതിയുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി. ഇതിനിടെയാണ് പ്രധാനമന്ത്രിയോട് സംസാരിക്കാനായി സമ്മേളന മൈതാനത്തെ ലൈറ്റുകൾ ഘടിപ്പിച്ചിരുന്ന പോസ്റ്റിൽ യുവതി വലിഞ്ഞുകയറിയത്.
തന്നോട് എന്തോ പറയാൻ ശ്രമിക്കുന്ന യുവതിയെ കണ്ട മോദി ഉടനെതന്നെ പ്രസംഗം നിർത്തുകയും താഴെയിറങ്ങാൻ സ്നേഹപൂർവം അഭ്യർത്ഥിക്കുകയും ചെയ്തു. ഷോക്കടിക്കാൻ സാധ്യതയുണ്ടെന്ന് ആവർത്തിച്ചാവർത്തിച്ച് പറയുന്ന മോദിയുടെയും പോസ്റ്റിൽ കയറുന്ന പെൺകുട്ടിയുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.