ന്യൂഡൽഹി: രാജ്യത്ത് വിദ്വേഷം പടർത്തുമ്പോൾ മൗനവമവലംബിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൗനിബാബ’ ആണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. മോദിയെ രാജ്യസഭയിലിരുത്തി മൗനിബാബയെന്ന് വിളിച്ചത് പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേർന്നതല്ലെന്ന് പ്രസംഗത്തിൽ ഇടപെട്ട് ചെയർമാൻ ജഗ്ദീപ് ധൻഖർ പ്രതികരിച്ചു.
മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിലുള്ള വിദ്വേഷമാണ് എങ്ങുമെന്ന് ഖാർഗെ പറഞ്ഞു. ഇതുകൊണ്ടാണ് വിദ്വേഷം വെടിഞ്ഞ് ഇന്ത്യ ഒന്നിക്കൂ എന്ന് പറഞ്ഞത്. നമ്മുടെതന്നെ എം.പിമാരും മന്ത്രിമാരുമാണ് വിദ്വേഷമേറ്റുന്നത്. വിദ്വേഷം പടർത്തുമ്പോൾ താങ്കൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രിയെ നോക്കി ഖാർഗെ ചോദിച്ചു.
എല്ലാവരെയും പേടിപ്പിക്കുന്ന താങ്കൾ എന്തുകൊണ്ടാണ് സ്വന്തം പാർട്ടിയിലെ വിദ്വേഷപ്രചാരകരെ പേടിപ്പിക്കാത്തത്? വിദ്വേഷ പ്രചാരകർക്കുനേരെ നേരെ താങ്കളുടെ നോട്ടമൊന്നു പോയാൽ മതി, അടുത്ത തവണ തനിക്ക് ടിക്കറ്റ് കിട്ടില്ലെന്ന് കരുതി അപ്പോൾതന്നെ വിദ്വേഷം നിർത്തും.
എന്നാൽ, മൗനം അവലംബിച്ച് താങ്കൾ മൗനി ബാബയാകുന്നത് കാരണമാണ് രാജ്യത്ത് ഇത്തരമൊരു സ്ഥിതി സംജാതമായതെന്ന് ഖാർഗെ പറഞ്ഞു. ഇതു കേട്ട് എഴുന്നേറ്റ ചെയർമാൻ ധൻഖർ ഇത് പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേർന്നതല്ല എന്ന് പറഞ്ഞു. ഭരണഘടനാ പദവികൾക്ക് നേരെ അത്തരം നിരീക്ഷണം നടത്തരുതെന്നും ധൻഖർ ആവശ്യപ്പെട്ടു. താങ്കൾ ഇത്രയും വികാരം കൊള്ളരുതെന്ന് ഖാർഗെ പ്രതികരിച്ചു.
‘താങ്കൾ പദവിക്കനുസരിച്ചല്ല സംസാരിക്കുന്നതെന്ന് നിരന്തരം ചെയർമാൻ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഞാനെന്ത് പറയണമെന്നും താങ്കൾതന്നെ തീരുമാനിക്കുമോ എന്നും താങ്കളെന്നെ സംസാരിക്കാനും പഠിപ്പിക്കുമോ’ എന്നും ഖാർഗെ രോഷത്തോടെ ചോദിച്ചു.
ഇരുപക്ഷത്തെയും സൗഹാർദപൂർവം ചേർത്ത് യഥാർഥ സംവാദം സാധ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ധൻഖർ പറഞ്ഞു. തുടർന്ന് നിരന്തരം ചെയർമാൻ ഇടപെട്ടു സംസാരം തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധം പ്രകടിപ്പിച്ചായിരുന്നു ഖാർഗെയുടെ പ്രസംഗം.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആർക്കുമെതിരായിരുന്നില്ല എന്ന് ഖാർഗെ പറഞ്ഞു. സഭയിലും പുറത്തും എപ്പോഴും വിദ്വേഷ സംസാരമാണ് നടത്തുന്നത്. ഉത്തരവാദപ്പെട്ട എം.പിമാരും മന്ത്രിമാരും ഹിന്ദു മുസ്ലിം, ഹിന്ദു മുസ്ലിം എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
ഹിന്ദു മുസ്ലിം അല്ലാതെ ഒരു വിഷയവും ലഭിക്കുന്നില്ല. ക്രിസ്ത്യൻ ചർച്ചുകൾക്ക് നേരെയും ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്ന പട്ടിക ജാതിക്കാർക്കെതിരെയും തിരിയുന്നു. പട്ടിക ജാതിക്കാരെ ഹിന്ദുക്കളായി അംഗീകരിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് അവരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് ഖാർഗെ ചോദിച്ചു.
അവർ ഹിന്ദുവാണെങ്കിൽ എന്തുകൊണ്ട് വെള്ളം നൽകുന്നില്ല? വിദ്യാഭ്യാസത്തിന് എന്തുകൊണ്ട് അവസരം നൽകുന്നില്ല? എല്ലാവരെയും കാണിക്കാൻ പട്ടിക ജാതിക്കാരന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് അതൊരു വലിയ സംഭവമായി ആഘോഷിച്ചതുകൊണ്ടായില്ല.
ഒരേ മതമാണെങ്കിൽ വലിയ മന്ത്രിമാർ തങ്ങൾ പട്ടിക ജാതിക്കാരന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചെന്ന് പത്രങ്ങൾക്കും ചാനലുകൾക്കും മുമ്പിൽ വന്ന് പറയേണ്ട കാര്യമില്ലെന്നും ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.