ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ഉച്ചയോടെ ഫലം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അത്ഭുതങ്ങൾക്ക് സാധ്യതയില്ലാത്ത തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള മല്ലികാർജുൻ ഖാർഗെക്കും മെച്ചപ്പെട്ട മത്സരം കാഴ്ചവെച്ച ശശി തരൂരിനും ലഭിക്കുന്ന വോട്ടുകളുടെ എണ്ണം അറിയാനാണ് പൊതുവായ ആകാംക്ഷ. 24 വർഷത്തിനുശേഷമാണ് നെഹ്റു കുടുംബത്തിനു പുറത്തു നിന്നൊരാൾ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണുക. 68 പോളിങ് ബൂത്തുകളിൽനിന്നുള്ള ബാലറ്റുകൾ ഇന്നലെ തന്നെ ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിച്ചിരുന്നു. 9915 പ്രതിനിധികളിൽ 9497 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്.
ശശി തരൂർ പിടിക്കുന്ന വോട്ടുകളുടെ എണ്ണം കോൺഗ്രസിലെ തിരുത്തലുകൾക്കുവേണ്ടിയുള്ള ശബ്ദമായാണ് വിലയിരുത്തപ്പെടുക. മല്ലികാർജുൻ ഖാർഗെക്കു കിട്ടുന്ന വോട്ട് നെഹ്റു കുടുംബത്തോട് വിവിധ സംസ്ഥാനങ്ങളിലെ നേതൃനിരക്കുള്ള വിധേയത്വത്തിന്റെ പ്രകടനമാവും.
പോളിങ്ങിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് തരൂർ വിഭാഗം തെരഞ്ഞെടുപ്പ് ചുമതലയുള്ള മദുസൂദൻ മിസ്ത്രിക്ക് പരാതി നൽകിയിരുന്നു. ഉത്തർപ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയെ കുറിച്ച് പ്രതികരിക്കാൻ മിസ്ത്രി തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.