ചെന്നൈ: കോൺഗ്രസ് മാനസിക വളർച്ച മുരടിച്ച പാർട്ടിയാണെന്ന പ്രസ്താവനയിൽ മാപ്പുപറഞ്ഞ് ഖുശ്ബു സുന്ദർ. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന നടി ചെന്നൈയിൽ തിരിച്ചെത്തിയ ശേഷം പ്രതികരിക്കവേയാണ് വിവാദ പരാമർശം നടത്തിയത്.
പ്രസ്താവന മാനസിക വളർച്ചയില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽപെട്ടവരെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ 30ഓളം പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുമായി ഖുശ്ബു എത്തിയത്.
തിടുക്കത്തിലുള്ള പ്രതികരണത്തിനിടയിൽ സംഭവിച്ച പ്രസ്താവനയിൽ മാപ്പുപറഞ്ഞ ഖുശ്ബു ഇനി ആവർത്തിക്കില്ലെന്നും പ്രസ്താവിച്ചു.
''ഞാൻ കോൺഗ്രസിൽ ആറ് വർഷക്കാലം ഉണ്ടായിരുന്നു. ഞാൻ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. ഞാൻ മാനസിക വളർച്ച മുരടിച്ച പാർട്ടിലാണ് ഉണ്ടായിരുന്നതെന്ന് പാർട്ടി വിട്ട ശേഷം എനിക്ക് മനസിലായി.'' -ഖുശ്ബു ചൊവ്വാഴ്ച പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഖുശ്ബു പാർട്ടി വിട്ടപ്പോൾ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അളഗിരി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ. ഖുശ്ബു കോൺഗ്രസിെൻറ നയപരിപാടികളോട് യോജിച്ച് പ്രവർത്തിച്ചിരുന്നില്ലെന്നും അവർ പോയതിൽ പാർട്ടിക്ക് ഒരു നഷ്ടവുമില്ലെന്നുമായിരുന്നു അളഗിരി പറഞ്ഞത്. ബി.ജെ.പിയിൽനിന്ന് ആരും ഖുശ്ബുവിനെ വിളിച്ചിട്ടില്ലെന്നും അവർ സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.