കൊൽക്കത്ത: കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ മെഡിക്കൽ കോളജ് വിദ്യാർഥിനിയുടെ വീട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംഘം സന്ദർശിച്ചു. കേസ് സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ സംഘം അതിജീവിതയുടെ വസതിയിലെത്തിയത്.
ആഗസ്റ്റ് ഒമ്പതിന് രാവിലെയായിരുന്നു ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ കൊൽക്കത്തയിലെ മെഡിക്കൽ കോളജ് ആശുപത്രി സെമിനാർ ഹാളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു.
അതിജീവിതക്ക് നീതി ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ഡോക്ടർമാർ പ്രതിഷേധം തുടരുകയാണ്. കൊൽക്കത്ത, ഗുവാഹത്തി, ഹൈദരാബാദ്, മുംബൈ നഗരങ്ങളിൽ പ്രതിഷേധം അരങ്ങേറി. മഹാരാഷ്ട്രയിലെ ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടരും എന്ന് സമരക്കാർ അറിയിച്ചു.
"രാജ്യത്തെ ആരോഗ്യ മേഖലയിലെ സുരക്ഷാവീഴ്ച പരിഹരിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ആവശ്യം. കൊൽക്കത്തയിൽ സംഭവിച്ചത് ആർക്കും സംഭവിക്കാം. അടിയന്തരമായി കേന്ദ്ര സംരക്ഷണ നിയമം കൊണ്ടുവരണമെന്ന് കേന്ദ്രസർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമ വ്യവസ്ഥ ഉടൻ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പ് നൽകണം’ -എയിംസിലെ റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷൻ ഉപാധ്യക്ഷൻ ഡോ. സുവ്രങ്കർ ദത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.