കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിത ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മരണംവരെ നിരാഹാര സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരെ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി മനോജ് പാന്തും ആഭ്യന്തര സെക്രട്ടറി നന്ദിനി ചക്രവർത്തിയും സന്ദർശിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ആറ് ഡോക്ടർമാരെ ഇതിനകം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
എട്ടുപേരാണ് ഇപ്പോൾ സമരത്തിലുള്ളത്. ഉപവാസ സമരം അവസാനിപ്പിക്കാൻ ഡോക്ടർമാരോട് അഭ്യർഥിച്ച മുഖ്യമന്ത്രി മമത ബാനർജി തിങ്കളാഴ്ച സമരക്കാരെ കാണുമെന്നും അറിയിച്ചു. ചീഫ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും സന്ദർശനത്തിനിടെ സമരക്കാരുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് മുഖ്യമന്ത്രി അഭ്യർഥന നടത്തിയത്.
സമരം നടത്താൻ എല്ലാവർക്കും അത് ആരോഗ്യ സേവനങ്ങളെ തടസ്സപ്പെടുത്തരുതെന്ന് അവർ പറഞ്ഞു. ഡോക്ടർമാരുടെ ആവശ്യങ്ങളോട് വിയോജിക്കുന്നില്ലെന്നും സർക്കാറുമായി ചർച്ചക്ക് തയാറാകണമെന്നും മമത കൂട്ടിച്ചേർത്തു. ഒക്ടോബർ 21നകം ആവശ്യങ്ങളിൽ സർക്കാർ നടപടി എടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അല്ലാത്തപക്ഷം അടുത്ത ദിവസം മുതൽ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്നും ഡോക്ടർമാരുടെ പ്രതിനിധി പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജി സമരക്കാരുമായി ചർച്ച നടത്തി ആവശ്യങ്ങൾ നടപ്പാക്കണമെന്ന് മറ്റൊരു ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.