കടലിൽ കുടുങ്ങിയ നീരാവി ഉൽപാദനയന്ത്രങ്ങൾ ആണവനിലയത്തിലേക്ക് താൽക്കാലിക റോഡ് വഴി കൊണ്ടുപോകുന്നു 

കൂടങ്കുളം: കടലിൽ കുടുങ്ങിയ നീരാവി ഉൽപാദനയന്ത്രങ്ങൾ ആണവനിലയത്തിൽ എത്തിച്ചു

നാഗർകോവിൽ: കൂടങ്കുളം ആണവനിലയത്തിലെ മിനി പോർട്ടിൽ നിന്നും 300 മീറ്റർ അകലെ പാറയിടുക്കിൽ കുടുങ്ങിയ രണ്ട് നീരാവി ഉല്പാദനയന്ത്രങ്ങളെ ആണവനിലയത്തിൽ സുരക്ഷിതമായി എത്തിച്ചു. 19 ദിവസത്തെ കഠിന പ്രയത്നത്തിനൊടുവിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ആണവനിലയത്തിൽ നിന്നും കടലിലേയ്ക്ക് പണിത താൽക്കാലിക റോഡിലൂടെ കൂറ്റൻ ട്രക്ക് ഉപയോഗിച്ച് 310 ടൺ വീതം ഭാരമുള്ള രണ്ട് നീരാവി ഉല്പാദനയന്ത്രങ്ങളെ ആണവ നിലയത്തിൽ എത്തിച്ചത്.

ഈ മാസം ഏഴിന് റഷ്യയിൽ നിന്നും തൂത്തുക്കുടി വി.ഒ.സി പോർട്ടിൽ എത്തിച്ച രണ്ട് നീരാവി ഉല്പാദനയന്ത്രത്തെ ബാർജിൽ കയറ്റി വലിച്ചുകൊണ്ട് വരുന്നതിനിടയിലാണ് കരയിൽ നിന്നും മുന്നൂറ് മീറ്റർ ദൂരത്തിൽ കടലിലുള്ള പാറയിടുക്കിൽ കുടുങ്ങിയത്. തുടർന്ന് കൊളംബോയിൽ നിന്നും ടഗ്ഗ് ബോട്ട് കൊണ്ടുവന്ന് വലിച്ചെടുക്കാനുള്ള ശ്രമവും ഫലിച്ചില്ല. മുംബൈയിൽ നിന്നും മുങ്ങൽ വിദഗ്ധർ എത്തി നടത്തിയ പരിശോധനയിൽ ബാർജിന് കേടുപാട് സംഭവിച്ചതിനെ തുടർന്നാണ് വലിച്ച് എടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്.

തുടർന്ന് കരയിൽ നിന്ന് കടലിലേയ്ക്ക് താല്ക്കാലിക റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ പണിതു. ഇതിനായി കിഴക്കൻ മേഖല നാവികസേനയുടെ സഹായവും ലഭ്യമാക്കി.

കൂടങ്കുളം ആണവനിലയത്തിലെ അഞ്ചും ആറും റിയാക്ടറുകൾക്ക് ആവശ്യമായ നീരാവി ഉല്പാദനയന്ത്രങ്ങളിൽ രണ്ടെണ്ണം ആഗസ്റ്റ് മാസം അവസാനം ബാർജ് ഉപയോഗിച്ച് കടൽമാർഗം ആണവ നിലയത്തിൽ സുരക്ഷിതമായി എത്തിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മറ്റ് രണ്ടെണ്ണം കൂടി ബാർജിൽ കൊണ്ടുവരുന്നതിനിടയിലാണ് മോശം കാലാവസ്ഥ കാരണം പാറയിടുക്കിൽ കുടുങ്ങി പോയത്.

കൂടങ്കുളം ആണവനിലയത്തിൽ ആകെയുള്ള ആറ് റിയാക്ടറുകളിൽ രണ്ടെണ്ണത്തിൽ നിന്ന് 2000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. മൂന്നും നാലും റിയാക്ടറുകളുടെ പണികൾ ഏകദേശം തീർന്ന് വരികയാണ്. അഞ്ചും ആറും റിയാക്ടറുകളുടെ പണികൾ നടന്നു വരുന്നു. റഷ്യയിൽ നിന്നും തൂത്തുക്കുടി തുറമുഖത്തിൽ വരുന്ന ഉപകരണങ്ങളിൽ വലിപ്പം കുറഞ്ഞവ റോഡ് മാർഗ്ഗം ആണവ നിലയത്തിൽ എത്തിക്കും. വലിപ്പം കൂടിയവ കടൽമാർഗ്ഗമാണ് എത്തിക്കുന്നത്.

Tags:    
News Summary - Koodankulam: The steam generators stuck in the sea were brought to the nuclear power plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.