കെ.പി. ഗോസാവിയുടെ ആര്യൻ ഖാനോടൊപ്പമുള്ള സെൽഫി

ആര്യൻ ഖാനെ അറസ്റ്റ് ചെയ്യുമ്പോൾ എൻ.സി.ബിക്ക് ഒപ്പമുണ്ടായിരുന്നയാൾക്കായി പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്

മുംബൈ: ആഡംബരക്കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുമ്പോൾ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്കൊപ്പമുണ്ടായിരുന്നയാൾക്കായി പുനെ പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്. കെ.പി. ഗോസാവി എന്നയാളാണ് റെയ്ഡിനിടെ എൻ.സി.ബിക്കൊപ്പം ഉണ്ടായിരുന്നത്. സാക്ഷികളിലൊരാൾ ഇയാളാണെന്നായിരുന്നു എൻ.സി.ബിയുടെ വിശദീകരണം. അറസ്റ്റിന് തൊട്ടുപിന്നാലെ ആര്യൻ ഖാനൊപ്പമുള്ള സെൽഫി ഇയാൾ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു.

പുണെ പൊലീസ് 2018ൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലാണ് കെ.പി. ഗോസാവിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഫറസ്ഖാന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ഒളിവിലായിരുന്നത്രെ.

എന്നാൽ, താൻ സ്വകാര്യ ഡിറ്റക്ടീവ് ആണെന്നായിരുന്നു ഗോസാവി അവകാശപ്പെട്ടിരുന്നത്.

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഗോസാവി ആളുകളെ കബളിപ്പിച്ചത്. വിദേശത്ത് ജോലി ശരിയാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു പരാതിക്കാരനില്‍ നിന്നും മൂന്നു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ജോലി കിട്ടാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ പൊലീസിനെ സമീപിക്കുകയും ഗോസാവിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. മുംബൈ, താനെ, പുണെ എന്നിവിടങ്ങളിലായി ഗോസാവിക്കെതിരെ നാലു വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ ആര്യന്‍ ഖാനുമൊത്തുള്ള ഒരു അജ്ഞാതന്‍റെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ കെ.പി ഗോസാവി എന്ന സ്വകാര്യ ഡിറ്റക്ടീവാണ് ഇയാളെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് രംഗത്തെത്തുകയും ചെയ്തിരുന്നു.

ആഡംബരക്കപ്പൽ ലഹരിക്കേസിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡിൽ താനും പങ്കെടുത്തതായി നേരത്തെ ബി.ജെ.പി നേതാവ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ബി.ജെ.പി നേതാവായ മനീഷ് ഭനുഷാലിയാണ് ആഡംബര കപ്പലിലെ റെയ്ഡിൽ പങ്കെടുത്തതായി വെളിപ്പെടുത്തിയത്. റെയ്ഡിൽ ബി.ജെ.പിക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾക്കിടെയായിരുന്നു നേതാവിന്‍റെ വെളിപ്പെടുത്തൽ.

റെയ്ഡിനിടെ പിടികൂടിയ ആര്യൻ ഖാന്‍റെ സുഹൃത്ത് അർബാസ് മർച്ചന്‍റിനെ മുംബൈയിലെ എൻ.സി.ബി ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഭനുഷാലിയാണ്. ഇത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എൻ.സി.ബി ഉദ്യോഗസ്ഥനല്ലാത്ത ഒരാൾ എങ്ങിനെ റെയ്ഡിൽ പങ്കെടുത്തുവെന്ന് ചോദ്യമുയർന്നിരുന്നു.

എന്നാൽ, ആഡംബര കപ്പലിലെ ലഹരി പാർട്ടിയെ കുറിച്ച് തനിക്ക് ഒക്ടോബർ ഒന്നിന് തന്നെ വിവരം ലഭിച്ചിരുന്നുവെന്നാണ് മനീഷ് ഭൻഷാലി അവകാശപ്പെടുന്നത്. എൻ.സി.ബിയെ സമീപിക്കാൻ തന്‍റെ സുഹൃത്താണ് നിർദേശിച്ചത്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലക്കാണ് അവരെ സമീപിച്ചത്. എൻ.സി.ബിക്കും ഇതുസംബന്ധിച്ച ചെറിയ വിവരം ഉണ്ടായിരുന്നെങ്കിലും വിശദമായ വിവരം നൽകിയത് ഞങ്ങളാണ്. ഒക്ടോബർ രണ്ടിന് റെയ്ഡ് നടപ്പാക്കുമ്പോൾ ഞങ്ങളും ഒപ്പമുണ്ടായിരുന്നു -മനീഷ് ഭൻഷാലി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.