ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിൽ കൃഷ്ണജന്മഭൂമിക്ക് പിറകിലെ വീടുകൾ ഇടിച്ചുനിരത്തുന്ന റെയിൽവേയുടെ നടപടി സുപ്രീംകോടതി തടഞ്ഞു. ഇടിച്ചുനിരത്തലിനെതിരെ ശബ്ദമുയർത്താൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സ്വാതന്ത്ര്യദിന ചടങ്ങിൽ സുപ്രീംകോടതി ജഡ്ജിമാരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മഥുരയിലെ ഇടപെടൽ. ഉത്തർപ്രദേശിലെ കോടതികളെല്ലാം അടച്ചിട്ട സാഹചര്യം ഉപയോഗിച്ച് ഇടിച്ചുനിരത്തൽ നടത്തിയത് പരിഗണിച്ചാണ് സുപ്രീംകോടതിയിൽ ജസ്റ്റിസുമാരായ അനിരുദ്ധ ബോസെ, സഞ്ജയ് കുമാർ, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് ഹരജിക്കാർക്ക് ഇടക്കാലാശ്വാസം നൽകിയത്.
200 വീടുകളുള്ള ഭാഗത്ത് കേവലം 80ാളം വീടുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്നും ബാക്കിയെല്ലാം ഇതിനകം ഇടിച്ചുനിരത്തിയെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്തോ ചന്ദ്രസെൻ ബോധിപ്പിച്ചു. ഇപ്പോൾ തടഞ്ഞില്ലെങ്കിൽ ഹരജിക്ക് ഒരു പ്രസക്തിയുമില്ലാതാകുമെന്നുകൂടി അഭിഭാഷകൻ ബോധിപ്പിച്ചതോടെ ഇടിച്ചുനിരത്തൽ അവസാനിപ്പിച്ച് 10 ദിവസത്തേക്ക് തൽസ്ഥിതി തുടരാൻ ബെഞ്ച് ഉത്തരവിട്ടു. അധികൃതർക്ക് നോട്ടീസ് അയച്ച കോടതി ഒരാഴ്ചകഴിഞ്ഞ് കേസ് വീണ്ടും കേൾക്കും.
ഈ മാസം ഒമ്പതിനാണ് മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തിന് പിറകിലെ നയീ ബസ്തി അനധികൃതമായി കൈയേറിതാണെന്ന് പറഞ്ഞ് റെയിൽവേയും ജില്ല ഭരണകൂടവും പൊലീസും ചേർന്ന് വീടുകൾ പൊളിക്കാൻ തുടങ്ങിയത്. മഥുര -വൃന്ദാവൻ നാരോ ഗേജ് ബ്രോഡ്ഗേജ് ആക്കാനാണ് ഇടിച്ചുനിരത്തൽ എന്നാണ് റെയിൽവേ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.