ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിെൻറയും പത്നി മധുലിക റാവത്തിെൻറയും ചിതാഭസ്മം ഇനി ഗംഗാനദി സ്വീകരിക്കും. പിതാവിെൻറയും മാതാവിെൻറയും ചിതാഭസ്മം ഗംഗയിൽ ഒഴുക്കാൻ കുടുംബാംഗങ്ങൾ ശനിയാഴ്ച ഹരിദ്വാറിലേക്കു പോകുമെന്ന് റാവത്തിെൻറ ഇളയമകൾ തരിണി പറഞ്ഞു.
സംസ്കാര ചടങ്ങുകൾക്കായി ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് റാവത്തിെൻറയും പത്നിയുടെയും ഭൗതികശരീരം കാമരാജ് മാർഗിലെ അദ്ദേഹത്തിെൻറ ഔദ്യോഗിക വസതിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. തരിണിയും മൂത്തസഹോദരി കൃതികയും ഇവിടെവെച്ച് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി. രാജ്യത്തെ ഏറ്റവും പ്രമുഖരടക്കമുള്ളവർ അന്തിമാഭിവാദ്യമർപ്പിക്കാൻ വസതിയിലെത്തിയപ്പോൾ, മാതാപിതാക്കളുടെ ശവമഞ്ചങ്ങൾക്കരികിൽ വേദന അമർത്തിപ്പിടിച്ച് തരിണിയും കൃതികയും ശാന്തരായി നിലകൊണ്ടു.
ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ പ്രതിരോധ മന്ത്രി എ.കെ. ആൻറണി, വിവിധ മന്ത്രിമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവരെല്ലാം അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തി. ഡൽഹിയിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നുമെല്ലാം ഒട്ടേറെ ജനങ്ങളും സേനാമേധാവിക്ക് അന്തിമോപചാരമർപ്പിക്കാൻ ഇവിടെയെത്തിയിരുന്നു.
കുന്നൂരിലേക്കു പോകുന്നതിനു മുമ്പ് തന്നോട് സഹോദരൻ സംസാരിച്ചിരുന്നതായി ബിപിൻ റാവത്തിെൻറ ഇളയ സഹോദരനും റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനുമായ വിജയ് റാവത്ത് ഓർത്തു. ''വെല്ലിങ്ടണിലെ പരിപാടിയിൽ പങ്കെടുക്കാൻ തമിഴ്നാട്ടിലേക്ക് പോവുന്നതിനു മുമ്പ് അദ്ദേഹവുമായി സംസാരിച്ചതാണ്. വിധി ഞങ്ങളിൽനിന്ന് അദ്ദേഹത്തെ വേർപെടുത്തുമെന്ന് ഒരിക്കലും ചിന്തിച്ചില്ല'' -അറുപതുകാരനായ വിജയ് പറഞ്ഞു.
വസതിക്കു മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾ 'ജനറൽ റാവത്ത് അമർ രഹേ', 'വന്ദേ മാതരം' എന്നിങ്ങനെ വിളിച്ചുപറയുന്നതിനിടയിലൂടെ പുഷ്പാലംകൃത സൈനിക വാഹനത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് 2.20ഓടെയായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.