ശ്രീനഗർ: ജൂലൈ 25ന് കുൽഗാം ജില്ലയിലെ മുനദിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം രംഗത്ത്. അനന്തനാഗ് ജില്ലയിലെ ബതെൻഗു നിവാസിയായ ഇമ്രാൻ അഹ്മദ് ദർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് കുടുംബം അനന്തനാഗ് ഡെപ്യൂട്ടി കമീഷണർക്ക് പരാതി നൽകി. കുൽഗാമിൽ ജൂലൈ 25നുണ്ടായ വെടിവെപ്പിൽ തീവ്രവാദി കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. സുർസനോ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് കുൽഗാം പൊലീസും 34 രാഷ്ട്രീയ റൈഫിൾസിലെ സൈനികരും പ്രദേശം വളഞ്ഞു.
തിരച്ചിലിനിടെ ഓർക്കിഡ് ചെടികൾക്കിടയിൽ ഒളിച്ചിരുന്ന ഭീകരർ വെടിവെച്ചതോടെ സേന തിരിച്ച് വെടിവെക്കുകയും ഭീകരൻ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് വക്താവ് പറയുന്നത്. യരിപോറ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും വക്താവ് അറിയിച്ചു. അതേസമയം, ഇമ്രാെൻറ പിതാവ് അബ്ദുൽ ഖയ്യൂം ദർ അനന്തനാഗ് ജില്ല മജിസ്ട്രേറ്റിന് നൽകിയ കത്തിൽ ഈ ആരോപണത്തെ ഖണ്ഡിക്കുന്നു.
ജൂലൈ 25ന് രാവിലെ എട്ടുമണിക്ക് ഗ്രാമമുഖ്യൻ തന്നെ ഫോണിൽ വിളിച്ച് മകനോടൊപ്പം ഖാനബൽ പൊലീസ് പോസ്റ്റിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. പൊലീസ് പറഞ്ഞതു പ്രകാരമാണ് ഗ്രാമമുഖ്യൻ ഇക്കാര്യം തന്നെ അറിയിച്ചതെന്നും കത്തിൽ പറയുന്നു. പിന്നീട് ഇതേകാര്യമറിയിച്ച് ഖാനബൽ പൊലീസ് പോസ്റ്റിൽ നിന്നും തന്നെ വിളിച്ചു. ഗുരുതര സംഭവമൊന്നുമല്ലാത്തതിനാൽ വൈകീട്ട് നാലു മണിയോടെയാണ് താൻ പൊലീസ് പോസ്റ്റിൽ എത്തിയത്. അപ്പോഴാണ് മകെൻറ മൃതദേഹത്തിെൻറ ഫോട്ടോ പൊലീസ് തന്നെ കാണിച്ചത്. മകനെ തലേന്ന് വൈകീട്ട് ആറിന് വീടിനടുത്ത പെട്രോൾ പമ്പിലാണ് അവസാനമായി കണ്ടത്.
നാട്ടിലെ സാധാരണക്കാരായ ചെറുപ്പക്കാരിലുൾപ്പെട്ട മകെൻറ മൃതദേഹത്തിെൻറ ഫോട്ടോയാണ് 24 മണിക്കൂറിനുള്ളിൽ കാണേണ്ടി വന്നത്. മകനെ വ്യാജ ഏറ്റുമുട്ടലിൽ കൊന്നതായാണ് കരുതുന്നത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും മൃതദേഹം വിട്ടുകിട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജില്ല മജിസ്ട്രേറ്റിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.