ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം കാരണം ഷോ റദ്ദാക്കേണ്ടി വന്ന സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ചുകൊണ്ട് വിശ്വ ഹിന്ദു പരിഷതിന് (വി.എച്ച്.പി) കത്ത് നൽകി. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ വി.എച്ച്.പിക്ക് തള്ളിപ്പറയാനാകുമോ എന്ന് അദ്ദേഹം കത്തിൽ ചോദ്യമുന്നയിച്ചു.
ഹരിയാനയിലെ സെക്ടർ 29 ലെ ഒരു ഹോട്ടലിൽ സെപ്റ്റംബർ 17, 18 തിയതികളിലാണ് കുനാൽ കമ്രയുടെ പരിപാടി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, കുനാൽ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നയാളാണെന്നും പരിപാടി നടന്നാൽ മതവികാരം വ്രണപ്പെടുമെന്നും പറഞ്ഞ് ബജ്റംഗ്ദൾ പ്രവർത്തകർ ഹോട്ടലുടമയെ സമീപിച്ചു. പരിപാടി തടയണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി ഡെപ്യൂട്ടി കമീഷണർക്ക് പരാതി നൽകുകയും ചെയ്തു. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ പരിപാടി റദ്ദാക്കുകയാണെന്ന് ഹോട്ടലുടമ അറിയിക്കുകയായിരുന്നു.
പരിപാടി റദ്ദാക്കി രണ്ടാം ദിനമാണ് കുനാൽ കമ്ര വി.എച്ച്.പിക്ക് കത്ത് നൽകിയത്. ലോകത്തെ മുഴുവൻ ഹിന്ദുക്കളുടെയും പ്രതിനിധാനം വി.എച്ച്.പിക്കുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.
'പരിപാടി റദ്ദാക്കിയ ഹോട്ടലുടമയെ കുറ്റം പറയാനാകില്ല. കാരണം അദ്ദേഹമൊരു ബിസിനസാണ് ചെയ്യുന്നത്. എങ്ങിനെയാണ് ഗുണ്ടകളെ അദ്ദേഹം കൈകാര്യം ചെയ്യുക. പൊലീസിൽ പരാതിപ്പെട്ടാലും പൊലീസ് വന്ന് നിങ്ങളോട് അപേക്ഷിക്കുകയാണ് ചെയ്യുക. മുഴുവൻസംവിധാനങ്ങളും നിങ്ങളുടേതാണല്ലോ..' -വി.എച്ച്.പിക്ക് നൽകിയപ കത്തിൽ കുനാൽ വിശദീകരിച്ചു.
ഹിന്ദു ദൈവങ്ങളെയും മതത്തെതും താൻ അവഹേളിച്ചുവെന്ന് തെളിയിക്കുന്ന വിഡിയോ ക്ലിപ്പിങ്ങുകളോ മറ്റോ ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും കുനാൽ ആവശ്യപ്പെട്ടു.
'നിങ്ങൾ ഇന്ത്യയുടെ മക്കളാണെങ്കിൽ ഗാന്ധിയെ കൊന്ന ഗോഡ്സെ മുർദാബാദെന്ന് പ്രഖ്യാപിക്കണം. ഇല്ലെങ്കിൽ നിങ്ങൾ ഹിന്ദുക്കൾക്ക് എതിരാണെന്നും ഭീകരതയുടെ ആളുകളാണെന്നും കരുതേണ്ടി വരും' -കുനാൽ വി.എച്ച്.പിക്ക് എഴുതി.
നിങ്ങൾ ഗോഡ്സെയെ ദൈവമായി കരുതുന്നുണ്ടോ എന്നും കുനാൽ കത്തിൽ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.