ന്യൂഡൽഹി: 40 ദിവസത്തെ സമ്പൂർണ ലോക്ഡൗണിനു ശേഷം വ്യവസായ മേഖല നിയന്ത്രണങ്ങളിൽ ഇളവു വന്നപ്പോൾ മാനേജ്മെൻറുകൾ നേരിടുന്നത് കടുത്ത തൊഴിലാളി ക്ഷാമം. ലോക്ഡൗൺ തുടങ്ങി ആറാഴ്ച പിന്നിട്ടപ്പോഴേക്കും തൊഴിലാളികളിൽ പലരും പിടിച്ചു നിൽക്കാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതുമൂലം പരിശീലനം നേടിയ തൊഴിലാളികെള നഷ്ടപ്പെട്ട സ്ഥിതിയിലാണ് ചെറുതും വലുതുമായ വ്യാപാര, വ്യവസായ സംരംഭങ്ങൾ. ചരക്കു നീക്കത്തിലും ചില്ലറ വ്യാപാര മേഖലയിലും ഇത് വലിയ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്.
ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് പുറപ്പെട്ട അന്തർസംസ്ഥാന തൊഴിലാളികൾ ഇനി മാസങ്ങൾ കഴിയാതെ മടങ്ങി വരാനും സാധ്യതയില്ല. കോവിഡ്കാല ദുരിതം അവസാനിക്കാതെ അവർക്ക് തൊഴിൽ മേഖലയിൽ പിടിച്ചുനിൽക്കാനാവില്ല. ഇതും വ്യവസായ സ്ഥാപനങ്ങളെ പ്രശ്നക്കുരുക്കിലാക്കുന്നു.ലോക്ഡൗൺ കാലത്ത് തൊഴിലാളികൾക്ക് കരാറുകാരിൽ നിന്നോ, സ്ഥാപന നടത്തിപ്പുകാരിൽ നിന്നോ വേണ്ടത്ര സംരക്ഷണം കിട്ടിയിരുന്നില്ല. തൊഴിലാളി പണി മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ അതും കാരണമാണ്. തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്യേണ്ടി വരും. പുതിയ ആളുകളെ കണ്ടെത്തി പരിശീലിപ്പിച്ചു കൊണ്ടുവരാൻ സമയമെടുക്കും. അതിന് തൊഴിലാളികളെ കിട്ടാനുമില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഈ പ്രതിസന്ധിയിലാണ്.
ഏപ്രിൽ മുതൽ ജൂൺ വരെ പൂർണമായും പ്രവർത്തനം നടക്കാത്ത മാസങ്ങളായിരിക്കുമെന്ന് വ്യവസായികൾ പറയുന്നു. പല ഫാക്ടറികൾക്കും മൂന്നിലൊന്നു പ്രവർത്തനം നടത്താൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.