ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകരെ കൂട്ടക്കൊല നടത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രക്ക് അലഹബാദ് ഹൈകോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് കൃഷ്ണ പഹൽ അധ്യക്ഷനായ ലഖ്നോ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിച്ചാൽ ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് കൃഷ്ണ പഹൽ ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ ലഖീംപൂരിൽ കഴിഞ്ഞ വർഷം നടന്ന കർഷക മാർച്ചിനിടെ എട്ടുപേരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലാണ് ആശിഷ് മിശ്ര ജയിൽശിക്ഷയനുഭവിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അലഹബാദ് ഹൈകോടതിയിലെ ലഖ്നോ ബെഞ്ച് ആശിഷിന് ജാമ്യം നൽകിയിരുന്നു. എന്നാൽ ഏപ്രിലിൽ സുപ്രീംകോടതി ജാമ്യം നൽകിയത് റദ്ദാക്കി. ഇരകളുടെ ഭാഗത്തിന് മതിയായ അവസരം നൽകിയ ശേഷം ജാമ്യാപേക്ഷ പുനഃപരിശോധിക്കാൻ ഹൈക്കോടതിയോട് നിർദേശിക്കുകയും ചെയ്തു.
2021 ഒക്ടോബർ മൂന്നിന് കേന്ദ്ര സർക്കാറിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്ന കർഷകർക്കുനേരെ ആശിഷ് മിശ്ര കാർ ഓടിച്ചുകയറ്റുകയായിരുന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിന് എതിരെയായിരുന്നു സമരം നടത്തിയത്. നാല് കർഷകരും മാധ്യമപ്രവർത്തകനും സംഭവത്തില്‍ കൊല്ലപ്പെട്ടു.
തുടർന്നുണ്ടായ അക്രമത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ 2021 ഒക്ടോബർ ഒമ്പതിനാണ് ആണ് ആശിഷ് അറസ്റ്റിലായത്. എന്നാൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഏപ്രിൽ 24ന് ആശിഷ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.