ലഖിംപുർ: സമരം ചെയ്ത കർഷകരെ വാഹനമിടിച്ചു കൊന്ന മന്ത്രിപുത്രന് ജാമ്യം നൽകിയതിനെതിരെ സംയുക്ത കിസാൻ മോർച്ച സുപ്രീംകോടതിയിലേക്ക്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് ലഖിംപുരിൽ സമരം ചെയ്ത കർഷകർക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റിയത്. സംഭവത്തിൽ നാലു കർഷകരടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആശിഷ് മിശ്രക്ക് വ്യാഴാഴ്ച അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംയുക്ത കിസാൻ മോർച്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു.
യു.പി സർക്കാറിനെതിരെയും ടികായത്ത് ആഞ്ഞടിച്ചു. ലോകം നടുങ്ങിയ ക്രൂരമായ കുറ്റകൃത്യം ചെയ്തിട്ടും മൂന്നു മാസത്തിനുള്ളിൽ കുറ്റവാളികൾക്ക് ജാമ്യം നേടി പുറത്തുവരാൻ കഴിഞ്ഞു. ഇത്തരമൊരു സ്വേച്ഛാധിപത്യ സർക്കാർ ആവശ്യമുണ്ടോ എന്നു ചിന്തിക്കേണ്ട സമയമാണിത്. ആളുകളെ വാഹനം കയറ്റി കൊല്ലുന്നവർ മൂന്ന് മാസത്തിനുള്ളിൽ ജയിലിൽനിന്ന് പുറത്തിറങ്ങുന്ന സംവിധാനമാണോ നമുക്ക് വേണ്ടത്. വരും കാലങ്ങളിൽ ഇവർ ജനങ്ങളോട് എങ്ങനെയാവും പെരുമാറുക? ഇതാണ് ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ. അതിനുപകരം വർഗീയ കാർഡിറക്കി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാറും യു.പി സർക്കാറും ശ്രമിക്കുന്നത് -ടികായത്ത് പറഞ്ഞു.
ഓൺലൈൻ വഴി നടത്തിയ വാദം കേൾക്കലിനിടയിൽ വൈദ്യുതി തടസ്സമുണ്ടായതിനാൽ പ്രോസിക്യൂഷന് മുഴുവൻ കാര്യങ്ങളും ധരിപ്പിക്കാനായില്ലെന്നും ടികായത്ത് ആരോപിച്ചു. യു.പി തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ കരിമ്പുകർഷകരുടെ കേന്ദ്രമായ ലഖിംപൂർ മേഖലയിലെ എട്ടു നിയമസഭ മണ്ഡലങ്ങളിലേക്ക് ഫെബ്രുവരി 23നാണ് തെരഞ്ഞെടുപ്പ് നടക്കുക. എട്ടും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.