ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര മുഖ്യപ്രതിയായ ലഖിംപുര്‍ ഖേരി കർഷക കൂട്ടക്കൊല കേസിൽ വാദം പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം വേണമെന്ന് വിചാരണകോടതി സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ 208 സാക്ഷികളും 171 രേഖകളും 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമുണ്ട്.
അതിനാല്‍ വാദം പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷമെടുക്കുമെന്ന് ലഖിംപുർ അഡീഷനൽ സെഷൻ ജഡ്ജി സമർപ്പിച്ച റിപ്പോർട്ടെന്ന് ബുധനാഴ്ച ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഡിസംബറില്‍ വിചാരണ കോടതിയോട് കേസിന്റെ റിപ്പോർട്ട് സുപ്രീംകോടതി തേടിയിരുന്നു.
കര്‍ഷകര്‍ക്ക് പുറമെ ബി.ജെ.പി നേതാവും ഡ്രൈവറും കൊല്ലപ്പെട്ട കേസിന്റെ തൽസ്ഥിതി റിപ്പോര്‍ട്ടും സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കേസിൽ സാക്ഷികളുടെ പ്രതിദിന വിസ്താരം നടത്തണമെന്ന കോടതി ഉത്തരവ് നിലവിലുണ്ടെന്ന് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷന് ചൂണ്ടിക്കാട്ടി.
പ്രതി ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ തെളിവ് നശിപ്പിക്കപ്പെടാനും സാക്ഷികള്‍ അതിക്രൂരമായി ആക്രമിക്കപ്പെടാനുള്ള സാഹചര്യമുണ്ട്. പ്രതിദിന സാക്ഷി വിചാരണ നടത്താനും ആദ്യം തന്നെ മറ്റു തെളിവുകള്‍ പരിശോധിക്കാനും വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണം.
മുഖ്യവാദം നടത്തേണ്ട അഭിഭാഷകന് ദുഷ്യന്ത് ദവേക്ക് സുഖമില്ലാത്തത് കൊണ്ട് വാദം കേള്‍ക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റി വെക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. കേസ് അടുത്ത 19ന് വീണ്ടും പരിഗണിക്കും. പ്രതികള്‍ കസ്റ്റഡിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് അഡീഷനല്‍ അഡ്വക്കറ്റ് ജനറലിന് കോടതി നിര്‍ദേശവും നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.