കർഷകക്കൊല: ആശിഷിനോട്​ പൊലീസ്​ ചോദിച്ച 10 ചോദ്യങ്ങളും മറുപടിയും

ലഖ്​നോ: ലഖിംപൂർ ഖേരിയിൽ സമരംചെയ്​ത കർഷകരെ വാഹനമിടിച്ച്​ കൊലപ്പെടുത്തിയ സമയത്ത്​ താൻ അവിടെ ഇല്ലായിരുന്നുവെന്ന വാദം ആവർത്തിച്ച്​ കേ​ന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര. സംഭവസമയത്ത്​ സർക്കാർ ചടങ്ങിന്‍റെ മുന്നൊരുക്കം നടത്തുകയായിരുന്നു താനെന്നാണ്​ ​ൈക്രംബ്രാഞ്ച്​ ചോദ്യം ചെയ്യൽ വേളയിൽ ആശിഷ്​ മിശ്ര പറഞ്ഞതെന്ന്​ ഇന്ത്യ ടുഡെ റിപ്പോർട്ട്​ ചെയ്​തു.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും സർക്കാർ പദ്ധതികളുടെ ശിലാസ്ഥാപനത്തിനായി ലഖിംപൂർ ഖേരി സന്ദർശിക്കാനിരിക്കെയായിരുന്നു രാജ്യത്തെ നടുക്കിയ കർഷകകുരുതി അരങ്ങേറിയത്​. പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ നേർക്ക്​ ആശിഷ് മിശ്രയുടെ മഹീന്ദ്ര ഥാർ ജീപ്പും ഫോർച്യൂണർ, സ്​കോർപിയോ കാറുകളും ഓടിച്ചു കയറ്റുകയായിരുന്നു. നാല് കർഷകരും രണ്ട് ബി.ജെ.പി പ്രവർത്തകരും ഒരു ഡ്രൈവറും ഒരു പത്രപ്രവർത്തകനും ഉൾപ്പെടെ എട്ട് പേരാണ്​ കൊല്ലപ്പെട്ടത്​.

ഥാർ ജീപ്പ്​ ഓടിച്ചത്​ ആശിഷ് മിശ്രയാണെന്ന്​ കർഷകരടക്കമുള്ള ദൃക്​സാക്ഷികൾ ഉറപ്പിച്ച്​ പറഞ്ഞിരുന്നു. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന ശേഷമാണ്​ ആശിഷിനെ ഇന്ന​ലെ രാത്രി അറസ്റ്റ് ചെയ്തത്​. ഇയാളുടെ മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്​. ചോദ്യംചെയ്യലിൽ ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന്​ സഹാറൻപൂർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഉപേന്ദ്ര അഗർവാൾ പറഞ്ഞിരുന്നു.

പൊലീസ്​ ഉന്നയിച്ച ചോദ്യങ്ങളും ആശിഷ് മിശ്ര നൽകിയ മറുപടിയും:

ചോദ്യം 1: വേദിയിലേക്കുള്ള വി.വി.ഐ.പി റൂട്ട് മാറ്റിയതായി അറിഞ്ഞിരുന്നില്ലേ?

ആശിഷ് മിശ്ര: നേരത്തേ പറഞ്ഞ വഴിയെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. റൂട്ട്​ മാറ്റിയത്​ സംബന്ധിച്ച​ വിവരം അവസാന നിമിഷമാണ് അറിഞ്ഞത്​.

2. സംഭവം നടക്കുമ്പോൾ താങ്കൾ എവിടെയായിരുന്നു?

ആശിഷ് മിശ്ര: ഈ സംഭവം നടക്കുമ്പോൾ ഞാൻ പരിപാടി (ശിലാസ്​ഥാപനം) നടക്കുന്ന സ്ഥലത്തായിരുന്നു. പ്രോഗ്രാം സംഘടിപ്പിക്കുന്നതിന്‍റെയും വി.വി.ഐ.പികളെ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിന്‍റെയും തിരക്കിലായിരുന്നു.

3. ഉച്ച 2.36 മുതൽ 3.30 വരെ താങ്കൾ എവിടെയായിരുന്നു?

ആശിഷ് മിശ്ര: ആ സമയത്തും ഞാൻ പരിപാടി സ്​ഥലത്ത്​ തന്നെയായിരുന്നു. മറ്റെവിടെയും പോയിട്ടില്ല.

4. എന്നാൽ പ്രോഗ്രാമിനിടെ വേദിയിൽ നിന്ന് ഈ സമയത്ത് താങ്കളെ കാണാതായതായി ആളുകൾ പറയുന്നു.

ആശിഷ് മിശ്ര: ഇല്ല, ഞാൻ അവിടെ ഉണ്ടായിരുന്നു. വേദിയോട് ചേർന്നുള്ള എന്‍റെ അരിമില്ലിൽ ഇടയ്ക്ക്​ പോയി തിരിച്ചു വന്നിരുന്നു.

5. അക്രമത്തിന്​ തുടക്കമിട്ട ഥാർ ജീപ്പ് ആരാണ് ഓടിച്ചത്? അതിനുള്ളിൽ ആരൊക്കെയാണ്​ ഉണ്ടായിരുന്നത്​? ഫോർച്യൂണറിലും സ്കോർപിയോയിലും ഉണ്ടായിരുന്ന ആരൊക്കെ?

ആശിഷ് മിശ്ര: ഥാർ ജീപ്പ് എ​േന്‍റതായിരുന്നു. ഞങ്ങളുടെ ഡ്രൈവർ ഹരിഓം മിശ്രയാണ് ഓടിച്ചിരുന്നത്. അടുത്ത സഹായിയും ബി.ജെ.പി പ്രവർത്തകനുമായ അങ്കിത് ദാസ് ഫോർച്യൂണറിൽ ഉണ്ടായിരുന്നു. മുഖ്യാതിഥിയെ കൊണ്ടുവരാനാണ്​ അദ്ദേഹം പോയത്​. പക്ഷേ ഏതുവഴിയിൽ, എങ്ങോട്ടാണ് പോയത്​ എന്നൊന്നും എനിക്കറിയില്ല. സംഭവശേഷം അദ്ദേഹം എന്നെ ബന്ധപ്പെട്ടിട്ടില്ല.

6. മൂന്ന് വാഹനങ്ങളിൽ ഏതിലായിരുന്നു താങ്കൾ?

ആശിഷ് മിശ്ര: ഞാൻ പറഞ്ഞുവല്ലോ, വേദിയിൽ തന്നെയായിരുന്നു. ഞാൻ പരിപാടി സ്​ഥ​ലത്തുനിന്ന്​ മാറുകയോ എവിടെയെങ്കിലും പോകുകയോ ചെയ്തിട്ടില്ല.

7. താങ്കൾ ആ ജീപ്പ് ഓടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു?

ആശിഷ് മിശ്ര: ഇല്ല, ഞാൻ ഥാർ ജീപ്പിൽ എന്നല്ല, ഒരു കാറിലും ഉണ്ടായിരുന്നില്ല. വി.വി.ഐ.പികളെ കൊണ്ടുവരാനാണ്​ ഞാൻ ഈ വാഹനങ്ങൾ അയച്ചത്​.

8. താങ്കൾ സ്ഥലത്തില്ലായിരുന്നുവെങ്കിൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉടൻ എന്തിനാണ് അപ്രത്യക്ഷമായത്? കഴിഞ്ഞ 48 മണിക്കൂർ താങ്കൾ എവിടെയായിരുന്നു?

ആശിഷ് മിശ്ര: ഞാൻ അപ്രത്യക്ഷനായിട്ടില്ല. എന്‍റെ ഗ്രാമമായ ബൽബീർപൂറിൽ ആയിരുന്നു. ശാരീരികക്ഷീണം കാരണം വിശ്രമിക്കുകയായിരുന്നു.

9. അക്രമം നടക്കുമ്പോൾ താങ്കൾ വേദിയിലുണ്ടായിരുന്നു എന്നതിന്​ തെളിവുകളൊന്നുമില്ല?

ആശിഷ് മിശ്ര: പരിപാടിയുടെ മുഴുസമയവും ഞാൻ അവിടെ ഉണ്ടായിരുന്നു. എവിടെയും പോയിട്ടില്ല. ഈ അക്രമവുമായി ബന്ധ​പ്പെട്ട്​​ എന്‍റെ പേര് ഉയർന്നുവന്ന കാര്യം എനിക്കറിയില്ലായിരുന്നു. എനിക്ക്​ ലഭിച്ച പ്രോഗ്രാമിന്‍റെ മുഴുവൻ വീഡിയോകളും ഞാൻ കൈമാറിയിട്ടുണ്ട്​.

10. കാണാതായ രണ്ട് തിരകൾ കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്​. ആരാണ് ആയുധം എടുത്തിരുന്നത്​? ആയുധങ്ങളുമായി നിങ്ങൾ ആരെയാണ് അയച്ചത്?

ആശിഷ് മിശ്ര: ഞാൻ കാറിലുള്ളപ്പോൾ മാത്രമാണ്​ ആയുധങ്ങൾ ഉപയോഗിക്കുന്നത്​. ഞാൻ അതിലില്ലാത്തപ്പോൾ ആയുധങ്ങൾ വണ്ടിയിൽ സൂക്ഷിക്കാറില്ല.

സംഭവത്തി​െൻറ ദൃക്​സാക്ഷികൾ പറഞ്ഞത്​:

സെപ്​റ്റംബർ 25ന്​ അജയ്​ കുമാർ മിശ്ര നടത്തിയ പ്രസംഗമാണ്​ ലഖിംപുരിലെ കർഷകപ്രക്ഷോഭത്തിന്​ വഴിയൊരുക്കിയതെന്നാണ്​ തികുനിയ വാസിയായ ജോട്​ സിങ്​ പറഞ്ഞത്​. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ മിശ്ര പറഞ്ഞത്​, കർഷകരെ മര്യാദ പഠിപ്പിക്കാൻ തനിക്ക്​ രണ്ടു മിനിറ്റ്​ മതിയെന്നാണ്​. സെപ്​റ്റംബർ ആദ്യത്തിൽ പാലിയ സന്ദർശിച്ച വേളയിൽ കർഷകർ കരി​ങ്കൊടി കാണിച്ചതിന്​ പ്രതികരണമായെന്ന്​ കരുതപ്പെടുന്ന പ്രസംഗത്തിൽ കർഷകർ പാലിയയല്ല, ലഖിംപുരിൽനിന്നുതന്നെ വിട്ടുപോകേണ്ടിവരുമെന്നാണ്​ രണ്ടുവട്ടം എം.പിയായ അദ്ദേഹം പറഞ്ഞത്​.

ഒക്​ടോബർ മൂന്നിന്​ ഉപമുഖ്യമന്ത്രി മൗര്യയും അജയ്​കുമാർ മിശ്രയും ബൻവീർപുരിൽ നടക്കുന്ന ഗുസ്​തി കാണാൻ വിമാനത്തിൽ വന്നിറങ്ങുമെന്നറിഞ്ഞാണ്​ നേതാക്കളുടെ ഹെലിപാഡായി ഉപയോഗിക്കാറുള്ള മഹാരാജ അഗ്രസെൻ കോളജ്​ ഗ്രൗണ്ടിൽ കർഷകർ ഒത്തുകൂടിയത്​.

രാവിലെ 11.30നാണ്​​ ഗുസ്​തി മത്സരം നിശ്ചയിച്ചിരുന്നത്​. കർഷകർക്ക്​ പ്രതിഷേധം തുടരാമെന്നും മന്ത്രിമാർ മറ്റൊരു റൂട്ടിലൂടെ പരിപാടി കാണാൻ പോകുമെന്നുമാണ്​ ജില്ല മജിസ്​ട്രേറ്റ്​ അറിയിച്ചതെന്ന്​ അവിടെ രാവി​െല മുതൽ സന്നിഹിതനായിരുന്ന ദിൽബാഗ്​ സിങ്​ പറയുന്നു. ​അവർ ഹെലികോപ്​ടറിൽ വന്നിറങ്ങുന്നതിന്​ പകരം റോഡ്​ മാർഗം സഞ്ചരിച്ച്​ പരിപാടിയിൽ പ​ങ്കെടുത്തു. നാലു മണിയായിട്ടും മിശ്രയും മൗര്യയും വരുന്നത്​ കാണാതായതോടെ കർഷകർ പിരിഞ്ഞുപോകാൻ ആരംഭിച്ചു. അവിടെ ഒരുക്കിയ ഭക്ഷണവിതരണകേന്ദ്രത്തിൽനിന്ന്​ ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു എല്ലാവരുമെന്ന്​ ജോഗ്​മിത്തൽ സിങ്​ പറയുന്നു. ഭക്ഷണം കഴിച്ചവർ ഒന്നൊന്നായി മടങ്ങാൻ തുടങ്ങി. അന്നേരമാണ്​ ഫോർച്യൂണർ, ഥാർ, സ്​കോർപിയോ വാഹനങ്ങൾ അതിവേഗത്തിൽ തങ്ങൾക്കുനേരെ പാഞ്ഞുവന്നത്​. ഇത്രയധികം ആൾക്കൂട്ടം അവിടെയുണ്ടായിട്ടും വാഹനങ്ങളുടെ വേഗം കുറക്കാൻ കൂട്ടാക്കിയില്ല.

ഒഴിഞ്ഞുമാറാൻ കഴിയാതെപോയ കർഷകർ വാഹനങ്ങൾക്ക്​ അടിയിൽപെടുകയായിരുന്നു. വാഹനങ്ങൾ നിർത്താഞ്ഞതിനാൽ അടിയിൽപെട്ടവരെയും റോഡിലൂ​െട വലിച്ചിഴച്ചുകൊണ്ടുപോയി. അതിനിടയിൽ ഒരു വാഹനത്തി​െൻറ നിയന്ത്രണം നഷ്​ടപ്പെടുകയും റോഡി​െൻറ മറുവശത്തേക്ക്​ മറിഞ്ഞുവീഴുകയുമായിരുന്നു. മറ്റു വാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന രണ്ടു പേർ വെടിവെക്കാൻ ആരംഭിച്ചു. അവിടമാകെ പൊടിമൂടിയതിനാൽ എന്താണ്​ സംഭവിക്കുന്നതെന്ന്​ തുടക്കത്തിൽ വ്യക്തമായില്ല.

ആളുകൾ മരിച്ചിരിക്കുന്നുവെന്ന്​ അപ്പോഴേക്കും എല്ലാവരും ഒച്ചയെടുക്കാൻ തുടങ്ങി. അതിനിടയിൽ അടുത്ത വാഹനവും നിയന്ത്രണംവിട്ട്​ മറിഞ്ഞു. അതോടെയാണ്​ വെടിവെപ്പ്​ തുടങ്ങിയത്​. ഒരു കർഷക​െൻറ നെറ്റിത്തടത്തിലാണ്​ വെടിയേറ്റത്​. വെടിവെപ്പി​െൻറ ശബ്​ദം താൻ കേട്ടതായി ജോഗ്​ മിത്തൽ പറയുന്നു. ​പ്രാഥമിക മൃതദേഹപരിശോധന റിപ്പോർട്ട്​ പ്രകാരം നാലു കർഷകരും മരിച്ചത്​ ആഘാതത്തിലും രക്തംവാർന്നുമാണ്​. ആരും വെടിയേറ്റു മരിച്ചതായി പറയുന്നില്ല. സംഭവസ്​ഥലത്തുണ്ടായിരുന്ന ഗുർസേവക്​ സിങ്​ മൂന്നു വാഹനങ്ങൾ കർഷകർക്കുനേരെ ചീറിപ്പാഞ്ഞടുക്കുന്നതി​െൻറ വിഡിയോ കാണിച്ചുതന്നു.

കർഷകർ മരിച്ചതറിഞ്ഞ്​ ആൾക്കൂട്ടം പ്രതികരിക്കാൻ തുടങ്ങിയതോടെ ഒരു വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങി പ്രധാന റോഡി​നടുത്തുള്ള വഴിയിലേക്ക്​ ഓടാൻ തുടങ്ങിയെന്നും പോകുന്ന വഴിയിലും അവർ വെടിയുതിർത്തുവെന്നും അദ്ദേഹം പറയുന്നു. പരിക്കേറ്റു​ കിടക്കുന്നവർക്കരികിലേക്ക്​ കർഷകർ വരാൻ തുനിഞ്ഞെങ്കിലും വെടിവെപ്പ്​ കേട്ടതിനാൽ എല്ലാവരും അന്തിച്ചുനിന്നു. കർഷകപ്രക്ഷോഭം ഉള്ളതിനാൽ സ്​ഥലത്ത്​ നേരത്തേതന്നെ ഉണ്ടായിരുന്ന പൊലീസുകാർ വെടിയുതിർത്ത്​​ ഓടിപ്പോയവർക്ക്​ രക്ഷ ഒരുക്കാൻ അവർക്കു പിറകെ പോയി.

വാഹനങ്ങൾ മറിഞ്ഞാണ്​ രണ്ടു​ ബി.ജെ.പി പ്രവർത്തകരും ഡ്രൈവറും മരിച്ചതെന്ന്​ ഗുർസേവക്​ പറയുന്നു.ഒരു വാഹനം ഓടിച്ചിരുന്നത്​ ആശിഷ്​ ആയിരുന്നുവെന്നും അയാൾ ഓടുന്നതിനിടെ വായുവിലേക്ക്​ നിറയൊഴിക്കുന്നത്​ താൻ കണ്ടുവെന്നും മറ്റൊരു ദൃക്​സാക്ഷിയായ തൽവീന്ദർ സിങ്​ എന്ന കർഷകൻ വിവരിക്കുന്നു.ജോഗ്​ മിത്തലും ഗുർസേവകും പേരുപറയാൻ ആഗ്രഹിക്കാത്ത രണ്ടുപേരും ആശിഷ്​ തോക്കിൽ ഉണ്ട നിറക്കുന്നത്​ എന്ന പേരിൽ ഒരു വിഡിയോ ക്ലിപ്​ കാണിച്ചുതന്നു. സംഭവം നടക്കുന്നതിന്​ ഏതാനും നേരം മുമ്പുണ്ടായ ഒരു ഫേസ്​ബുക്ക്​ ലൈവിൽനിന്ന്​ എടുത്തതാണ്​ ആ വിഡിയോ.അവ്യക്തമായ ക്ലിപ്പിൽ കാണുന്നയാൾ ആശിഷ്​ ആണെന്ന്​ പ്രദേശവാസികളിൽ പലരും പറയുന്നുവെങ്കിലും ഞങ്ങൾക്ക്​ വിഡിയോയുടെ ആധികാരികത ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല. അതിൽ കാണുന്നയാൾ ആശിഷ്​ ആണെന്നോ അയാൾ പിസ്​റ്റൾ ലോഡ്​ ചെയ്യുകയാണെന്നോ വ്യക്തമല്ല.

മക​െൻറ കൈയിൽ തോക്കുണ്ടെങ്കിൽ അത്​ നിയമാനുസൃതമുള്ളതായിരുന്നേനെയെന്നും താനും മകനും അവിടെയുണ്ടായിരുന്നില്ലെന്നുമാണ്​ മന്ത്രി അജയ്​ കുമാർ മിശ്ര ദേശീയ ചാനലിനോട്​ പറഞ്ഞത്​.സംഭവം നടന്ന തെരുവിൽ താമസിക്കുന്ന അസദ്​ എന്ന തൊഴിലാളിയുടെ കുടുംബവുമായും തങ്ങൾ സംസാരിച്ചു. രാവിലെ പത്തരക്ക്​ കർഷകർ അവിടെ പ്രതിഷേധം തുടങ്ങിയിരുന്നുവെന്നും ഉച്ച പിന്നിട്ടതോടെ ഒച്ചപ്പാടും ബഹളവും നിറയുന്നതും പൊടിപരക്കുന്നതുമെല്ലാം അറിഞ്ഞുവെന്നും അസദി​െൻറ ഭാര്യ പറയുന്നു. പേടിപ്പെടുത്തുന്ന ഒച്ചകളാണ്​ കേട്ടതെന്നും അത്​ വെടിയൊച്ചയാണോ എന്നു പറയാനാവില്ലെന്നും അവർ പറയുന്നു.

സ്​ത്രീകളെല്ലാം മക്കളെയും വാരിപ്പിടിച്ച്​ വീടുകളിൽനിന്ന്​ വയലുകളിലേക്കോടി. ഓടുന്നതിനിടെ ആളുകൾ മോനു ഭയ്യ, മോനു ഭയ്യ എന്ന്​ വിളിച്ചുപറയുന്നത്​ കേൾക്കാമായിരുന്നു. ആശിഷ്​ മിശ്രയെ നാട്ടുകാർ വിളിക്കുന്ന പേരാണത്​.ആശിഷ്​ മിശ്രയുടെ അറസ്​റ്റ്​ ആവശ്യപ്പെട്ട്​ കർഷകരുടെ മൃതദേഹങ്ങൾ അന്ന്​ രാത്രി മുഴുവൻ പ്രതിഷേധസ്​ഥലത്ത്​ സൂക്ഷിച്ചു. മൊബൈൽ ഇൻറർനെറ്റ്​ ബന്ധം തടഞ്ഞ അധികൃതർ പ്രദേശത്ത്​ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

പിറ്റേന്ന്​ രാവിലെ ഈ പ്രദേശത്തേക്ക്​ പുറപ്പെട്ട പ്രിയങ്ക ഗാന്ധി, അഖിലേഷ്​ യാദവ്​ തുടങ്ങിയ നേതാക്ക​െള തടഞ്ഞുവെച്ചു. ലഖിംപുർ ഖേരിയിലേക്കുള്ള റോഡുകൾ പലയിടത്തും കർഷകരും ഉപരോധിച്ചു. ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്​ പ്രാദേശിക ഭരണകൂടവുമായി പലവട്ടം നടത്തിയ ചർച്ചകൾക്കൊടുവിൽ മരിച്ച കർഷകരുടെ കുടുംബത്തിന്​ 45 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകാൻ യു.പി സർക്കാർ സമ്മതിച്ചു. പരിക്കേറ്റ കർഷകർക്ക്​ 10 ലക്ഷം രൂപ വീതവും വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. ഈ ഒത്തുതീർപ്പിനുശേഷമാണ്​ മൃതദേഹങ്ങൾ പോസ്​റ്റ്മോർട്ടത്തിനായി ലഖിംപുർ ജില്ല ആശുപ​ത്രിയിലേക്കു മാറ്റിയത്​. ഒരു റിട്ട​.​ ജഡ്​ജിയെക്കൊണ്ട്​ സംഭവം അന്വേഷിപ്പിക്കാനും തീരുമാനമായിട്ടുണ്ട്​.

രണ്ട്​ എഫ്​.ഐ.ആറുകൾ തികുനിയ പൊലീസ്​ സ​്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ഒരെണ്ണം ആശിഷ്​ മിശ്രക്കും 13 പേർക്കുമെതിരെ കൊലപാതകം, ​കുറ്റകരമായ ഗൂഢാലോചന, ലഹള, അശ്രദ്ധമായ വാഹനമോടിക്കൽ മൂലമുള്ള നരഹത്യ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​. സുമിത്​ ജൈസ്​വാൾ എന്നയാൾ ഫയൽ ചെയ്​ത എഫ്​.ഐ.ആർ തിരിച്ചറിയാത്ത ആളുകളെ ലഹള, അവഗണന മൂലം മരണത്തിന്​ വഴിയൊരുക്കൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ്​. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക​െൻറ കുടുംബവും ആശിഷ്​ മിശ്രക്കും സഹായികൾക്കുമെതിരെയാണ്​ ആരോപണമുയർത്തുന്നത്​.

ആശിഷ്​ മിശ്ര ഇതുവരെയും അറസ്​റ്റ്​ ചെയ്യപ്പെട്ടിട്ടില്ല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി പ്രശാന്ത്​ കുമാർ പറഞ്ഞത്​, ആശിഷ്​ മിശ്രക്കെതിരായ അന്വേഷണം സംബന്ധിച്ച്​ വെളിപ്പെടുത്താനാവില്ല എന്നാണ്​. കൊലപാതകം ഉൾപ്പെടെ കുറ്റങ്ങളുണ്ടായിട്ടും മിശ്രയെ അറസ്​റ്റു ചെയ്യാ​ത്തതെന്താണ്​ എന്ന്​ ചോദിച്ചു.നിങ്ങൾ ആദ്യം പറഞ്ഞു എഫ്​.ഐ.ആറിടാൻ, ഇപ്പോൾ അറസ്​റ്റ്​ ചെയ്യാൻ പറയുന്നു, അൽപം ക്ഷമ കാണിക്കൂ എന്നായിരുന്നു ഉദ്യോഗസ്​ഥ​െൻറ മറുപടി.

Tags:    
News Summary - Lakhimpur Kheri: Here's what Ashish Misra told police during the investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.