ലഖിംപൂര്‍ ഖേരി കൂട്ടക്കൊല: വിരമിച്ച ജഡ്ജിക്ക് അന്വേഷണ മേൽനോട്ട ചുമതല നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ല​ഖിം​പു​ർ ഖേ​രി കൂ​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ഹൈ​കോ​ട​തി മുൻ ജ​ഡ്ജി​യെ നി​യ​മി​ച്ച് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി. പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി മു​ൻ ജ​ഡ്ജി രാ​കേ​ഷ് കു​മാ​ർ ജ​യി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ഇതോടൊപ്പം പ്രത്യേക അന്വേഷണ സംഘത്തെ പുന:സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. എസ്.ബി ശിരോദ് കുമാര്‍, ദീപീന്ദര്‍ സിങ്, പദ്മജാ ചൗഹാന്‍ എന്നീ ഉത്തര്‍പ്രദേശിന് പുറത്തുനിന്നുളള ഐ.പി.എസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര മു​ഖ്യ​പ്ര​തി​യായ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ യു​.പി പൊ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു. ല​ഖിം​പു​ർ ഖേ​രി​യി​ൽ​നി​ന്നു​ത​ന്നെ​യു​ള്ള എ​സ്.ഐ റാ​ങ്കി​ൽ​പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കൂ​ടു​ത​ലു​മു​ള്ള​ത്.

കേസില്‍ യു.പി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് വിരമിച്ച ജഡ്ജിയെ നിയമിക്കാനും പ്രത്യേക അന്വേഷണ സംഘത്തിൽ സംസ്ഥാനത്ത് പുറത്തുനിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനും സുപ്രീംകോടതി തീരുമാനിച്ചത്.

അന്വേഷണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ മുതിരുന്നത് എന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരുള്‍പ്പെട്ട ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ യു.പി സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് സുപ്രീംകോടതി വിമർശനം ഉന്നയിച്ചിരുന്നു. പ്രതികളുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നില്ല. കേസിലെ 13 പ്രതികളില്‍ ഒരാളുടെ ഫോണ്‍മാത്രമാണ് കണ്ടെത്തിയത്. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നാല് കര്‍ഷകർ ഉൾപ്പടെ എട്ട് പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. 

Tags:    
News Summary - Lakhimpur Kheri massacre: Supreme Court appoints retired judge to oversee probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.